'ഇന്ത്യക്കായി ഞങ്ങളൊന്നിച്ച്..'; യോഗത്തിനെത്തിയ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവര്‍
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനുള്ള രൂപരേഖ തീരുമാനിക്കാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ ബെംഗളൂരുവില്‍ ഒത്തുകൂടി. നാളെ രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് ഔപചാരിക ചര്‍ച്ചകള്‍ നടക്കുക. വൈകുന്നേരം നടത്തിയ അത്താഴ വിരുന്നില്‍ പ്രതിപക്ഷ നേതാക്കളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്‍, ഹേമന്ത് സോറന്‍, മമത ബാനര്‍ജി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നാളെ യോഗത്തിനായി ബെംഗളൂരുവില്‍ എത്തിച്ചേരും.

ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), അഖിലേഷ് യാദവ് (എസ്പി), ഫാറൂഖ് അബ്ദുള്ള (എന്‍സി), മെഹബൂബ മുഫ്തി (പിഡിപി), ജയന്ത് ചൗധരി (ആര്‍എല്‍ഡി) എന്നിവരാണ് യോഗത്തിനായി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ എംഡിഎംകെ, കെഡിഎംകെ, വിസികെ, ആര്‍എസ്പി, സിപിഐ-എംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, മുസ്ലീം ലീഗ് പ്രതിനിധികളും പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി), കൃഷ്ണ പട്ടേലിന്റെ അപ്നാദള്‍ (കാമറവാദി), എം എച്ച് ജവാഹിറുള്ളയുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ മണിത്തനേയ മക്കള്‍ കച്ചി (എംഎംകെ) എന്നിവരും ബെംഗളൂരുവിലെ യോഗത്തിനായി എത്തിയിട്ടുണ്ട്. ബിഹാറില്‍ നിതീഷ് ആതിഥേയത്വം വഹിച്ച യോഗത്തില്‍ പതിനഞ്ചോളം പാര്‍ട്ടികള്‍ ആണ് പങ്കെടുത്തിരുന്നത്.
വൈകീട്ട് താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ ആണ് ഡിന്നര്‍ മീറ്റിംഗ് നടന്നത്. സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികള്‍ സാമൂഹ്യനീതി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നിവയിലൂന്നിയുള്ള അജണ്ട വളര്‍ത്തിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും സ്വേച്ഛാധിപത്യവും ജനവിരുദ്ധവുമായ രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും ഈ ഇന്ത്യയ്ക്കുവേണ്ടി ഐക്യത്തോടെ തങ്ങള്‍ ഒരുമിച്ച് നില്‍ക്കും എന്നും ഖാര്‍ഗെ പറഞ്ഞു. ബെംഗളൂരുവില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ലോക്‌സഭയിലെ നിലവിലെ അംഗബലം 150 ഓളം വരും.












Click it and Unblock the Notifications