നിയമപോരാട്ടവുമായി കോടതി കയറിയിറങ്ങിയത് 80 കൊല്ലം... ഒടുവില്‍ 93 കാരിക്ക് വിജയം
മുംബൈ: 93 കാരിയുടെ 80 വര്‍ഷത്തോളം നീണ്ട് നിന്ന നിയമപോരാട്ടത്തിന് അറുതി വരുത്തി ബോംബെ ഹൈക്കോടതി. ദക്ഷിണ മുംബൈയിലെ രണ്ട് ഫ്‌ളാറ്റുകള്‍ ഉടമയായ 93 കാരിക്ക് വിട്ടുനല്‍കണം എന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിന് ആണ് അറുതിയായിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ റൂബി മാന്‍ഷന്റെ ഒന്നാം നിലയിലാണ് പ്രസ്തുത ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.
ഇവിടത്തെ 500, 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ബ്രിട്ടീഷ് കോളോണിയല്‍ കാലത്ത് സ്വകാര്യ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് അനുവാദം നല്‍കുന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1942 മാര്‍ച്ച് 28 ന് അന്നത്തെ ഭരണകൂടം ഏറ്റടുത്ത കെട്ടിടമായിരുന്നു ഇത്.

ഇതാണ് എട്ട് പതിറ്റാണ്ടിന് ശേഷം നിയമപോരാട്ടത്തിലൂടെ ഉടമയായ ആലീസ് ഡിസൂസ തിരിച്ച് പിടിച്ചിരിക്കുന്നത്. ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിയമപരമായ അവകാശികളാണ് നിലവില്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിരുന്നത്. 1946 ജൂലൈയില്‍ ഡി-റിക്വിസിഷന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും ഫ്‌ളറ്റുകള്‍ ആലീസ് ഡിസൂസയ്ക്ക് തിരികെ നല്‍കിയിരുന്നില്ല. ജസ്റ്റിസുമാരായ ആര്‍ ഡി ധനുക, എം എം സതയെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഡി റിക്വിസിഷന്‍ ഉത്തരവ് നടപ്പാക്കി ഫ്ളാറ്റുകള്‍ തനിക്ക് കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനും മുംബൈ കലക്ടര്‍ക്കും നിര്‍ദേശം നല്‍കണം എന്നാണ് ആലീസ് ഡിസൂസ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 1940 കളില്‍ റിക്വിസിഷന്‍ ഓര്‍ഡര്‍ പ്രകാരം ഫ്‌ളാറ്റില്‍ താമസമാക്കിയ ഡിഎസ് ലൗഡ് എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനന്തരാവകാശികളാണ് ഫ്‌ളാറ്റ് കൈവശം വെച്ചിരുന്നത്.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് സിവില്‍ സര്‍വീസ് വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. കെട്ടിടത്തിലെ മറ്റ് ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം ഉടമകള്‍ക്ക് തിരികെ നല്‍കിയെങ്കിലും തന്റെ കാര്യത്തില്‍ ഇതുണ്ടായില്ല എന്നാണ് ആലീസ് ഡിസൂസ പറഞ്ഞത്. ഇതോടെയാണ് ഫ്‌ളാറ്റ് ഉടമക്ക് കൈമാറാന്‍ നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍, കെട്ടിടം റിക്വിസിഷനില്‍ തുടരുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ എട്ടാഴ്ചക്കകം നടപടി കൈക്കൊണ്ടിരിക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ബോംബെ ഹൈക്കോടതിയുടെ വിധിയോടെ എട്ട് പതിറ്റാണ്ടോളം നീണ്ട തന്റെ നിയമപോരാട്ടം വിജയത്തിലെത്തിയ ആഹ്ലാദത്തിലാണ് ആലീസ് ഡിസൂസ.












Click it and Unblock the Notifications