ഞാനാണ് മാറ്റം, ആംആദ്മി പാര്‍ട്ടിയല്ല, വോട്ടെടുപ്പ് ദിനത്തില്‍ ചന്നിയുടെ പ്രഖ്യാപനം ഇങ്ങനെ
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ വരുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. ബിജെപി ദേര സച്ച സൗദയില്‍ നിന്ന് പിന്തുണ വാങ്ങിയിട്ടുണ്ട്. അകാലിദളും വാങ്ങിയിട്ടുണ്ട്. അതെ കുറിച്ചൊന്നും ആലോചിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. എന്നെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നതില്‍ ഒരു പ്രശ്‌നമില്ല. അതൊക്കെ ഇപ്പോ ഒരുപാട് അനുഭവിച്ച് തഴക്കം വന്ന് കഴിഞ്ഞു. താന്‍ ബിജെപിയുടെയോ കെജ്രിവാളിന്റെയോ ആക്രമണത്തില്‍ കുലുങ്ങാന്‍ പോകുന്നില്ലെന്നും ചന്നി പറഞ്ഞു. പഞ്ചാബില്‍ ഇത്തവണ ആംആദ്മി പാര്‍ട്ടി വരാന്‍ പോകുന്നില്ല.അവര്‍ ജയിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മിഥ്യാ ധാരണയാണെന്നും ചന്നി പറഞ്ഞു.

പഞ്ചാബിലെ മാറ്റത്തെ കുറിച്ചും ചന്നി വ്യക്തമാക്കി. താനാണ് പഞ്ചാബിലെ മാറ്റം. അധികാരം പിന്തുടര്‍ച്ചാവകാശം എന്ന സമ്പ്രദായം മാറ്റിയത് ഞാനാണ്. അത് കുറച്ച് കാലമായി പഞ്ചാബില്‍ തുടര്‍ന്ന് പോരുന്നതായിരുന്നു. അതാണ് മാറ്റം. ആ മാറ്റം എന്നിലൂടെയാണ് തുടങ്ങിയതെന്നും ചന്നി പറഞ്ഞു. അമരീന്ദര്‍ സിംഗിനെ ഉദ്ദേശിച്ചായിരുന്നു പരിഹാസം. അതേസമയം പഞ്ചാബില്‍ കടുത്ത വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല മണ്ഡലങ്ങളിലും എഎപിക്ക് ആധിപത്യമുണ്ട്. ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് എഎപിക്ക് കൂടുതല്‍ നേട്ടമായി. പകരം ചന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചായിരുന്നു കോണ്‍ഗ്രസ് മറുപടി നല്‍കിയത്.
അതേസമയം വോട്ടിംഗ് ദിനത്തില്‍ താന്‍ സാധാരണക്കാരുടെ മുഖ്യമന്ത്രിയാണെന്ന് കൃത്യമായി ബോധ്യപ്പെടുത്താനായിരുന്നു ചന്നിയുടെ ശ്രമം. ഓരോ ബൂത്തിലേക്കും അദ്ദേഹം എത്തി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിനെ കൂടുതലായി അകറ്റുന്നത്. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ള സാധ്യതയെ കുറച്ചുവെന്നും പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നു. അങ്ങനെ നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ വിജയം കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നുവെന്ന് ചന്നി പറയുന്നു. ദളിത് വോട്ടുകള്‍ പിടിക്കാനായിരുന്നു ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്.
ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായെങ്കിലും വിചാരിച്ചത്ര നേട്ടം ദളിത് മേഖലയില്‍ നിന്ന് ലഭിക്കുമോ എന്ന് വ്യക്തമല്ല. അവസാന നിമിഷത്തെ ശ്രമമല്ല കെജ്രിവാള്‍ ഖലിസ്ഥാനി ബന്ധമുള്ള നേതാവാണെന്ന് പറഞ്ഞതെന്ന് ചന്നി പറയുന്നു. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ദേശീയ സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് പഞ്ചാബ് പോലൊരു അതിര്‍ത്തി സംസ്ഥാനത്ത്. ഇത്തരമൊരു സംസ്ഥാനത്ത് ഒരിക്കലും എഎപിയെ ഭരിക്കാന്‍ അനുവദിക്കരുത്. ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ ഭീകരത വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ തന്നെയാണ് അത് ഉന്നയിച്ചത്. എഎപിയെ അധികാരത്തിലെത്തിച്ചാണ് ഖലിസ്ഥാന്‍ ഭീകരവാദത്തിന്റെ കറുത്ത ദിനങ്ങള്‍ തീര്‍ച്ചയായും പഞ്ചാബില്‍ തിരിച്ചുവരുമെന്നും ചന്നി പറഞ്ഞു.












Click it and Unblock the Notifications