കൈയ്യില്‍ കോഫി കപ്പ്, സിഗരറ്റ്; ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന, 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ബെംഗളൂരൂ: കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന. കസ്റ്റഡിയില്‍ ദര്‍ശന്‍ എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നതായും വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം ബെംഗളൂരു ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്തിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ ഏഴ് പേരും ദര്‍ശന് ഇത്ര സൗകര്യമൊരുക്കുന്നതില്‍ ഇടപെട്ടുവെന്നാണ് കണ്ടെത്തല്‍. കടുത്ത സുരക്ഷാ വീഴ്ച്ചയാണിത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.

നേരത്തെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലുള്ള ദര്‍ശന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വളരെ റിലാക്‌സായി പോസ് ചെയ്യുന്ന ദര്‍ശന്റെ ചിത്രമായിരുന്നു ഇത്. ഒരു കസേരയില്‍ താരം ഇരിക്കുന്നതും, ഒരു കൈയ്യില്‍ സിഗരറ്റ് വെച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം., ഒരു കോഫി കപ്പുമെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു.
മൂന്ന് പേരും താരത്തിനൊപ്പം ഉണ്ടായിരുന്നു. എല്ലാ കൊടും കുറ്റവാളികളാണ്. കൊടും ക്രിമിനലായ വില്‍സന്‍ ഗാര്‍ഡന്‍ നാഗ, നടന്റെ മാനേജരും കൂട്ടുപത്രിയുമായ നാഗരാജ്, മറ്റൊരു പ്രതിയായ കുല്ല സീന എന്നിവരും വീഡിയോയിലുണ്ടായിരുന്നു. ദര്‍ശന്‍ വീഡിയോ കോളില്‍ മറ്റൊരാളുമായി സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്ന കുറ്റവാളി മറ്റൊരു അക്രമിയായ സിദ്ധപുര മഹേഷിനെ കൊലപ്പെടുത്തിയ കേസിലാണ് ജയിലിലെത്തിയത്. ഇയാളുമായി ദര്‍ശനുള്ള ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അതേസമയം സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയും ഉപയോഗവും ജയിലില്‍ കര്‍ണാടക സ ര്‍ക്കാര്‍ ഒന്നര വര്‍ഷം മുമ്പ് നിരോധിച്ചതാണ്. ദര്‍ശന് എന്നിട്ടും സിഗരറ്റ് ലഭിച്ചതാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ചില തടവുകാര്‍ക്ക് ഇപ്പോഴും സിഗരറ്റുകള്‍ അടക്കം ഇപ്പോഴും നല്‍കാറുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പക്ഷേ ഇത് കടുത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ആസക്തി ഉള്ളവര്‍ക്കാണ്. ഇവര്‍ക്ക് പുകവലി നിര്‍ത്തുന്നത് വിഷാദത്തിന് അടക്കം കാരണമായേക്കുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
നേരത്തെ ജയില്‍ കാന്റീനില്‍ സിഗരറ്റുകള്‍ വിറ്റിരുന്നു. പക്ഷേ ജയിലിലെ പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് നിരോധിച്ചതുമാണെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം ജയിലിലെ ഗുരുതരമായ നിയമലംഘനത്തില്‍ വിമര്‍ശനവുമായി രേണുകാസ്വാമിയുടെ പിതാവ് ശിവഗൗഡ രംഗത്തെത്തി.
ദര്‍ശന് യാതൊരു കുറ്റബോധവും ഇക്കാര്യത്തില്‍ ഇല്ല. സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കണം. പോലീസിലും നിയമസംവിധാനത്തിലും വിശ്വാസമുണ്ട്. ഇത് തീര്‍ത്തും ഞെട്ടിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നും ഗൗഡ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications