ട്രബിൾ ഷൂട്ടർ.. സോണിയ ഗാന്ധിയുടെ വലംകൈ.. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ
ദില്ലി; സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേഷ്ടാവും പാർട്ടിയിലെ ട്രബിൾ ഷൂട്ടറുമാണ് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു തുടർന്നായിരുന്നു ഇന്ന് പുലർച്ചെ 3.30 ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിച്ചത്.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേൽ യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക സ്വാധീനമായിരിരുന്നു.

28ാം വയസിൽ
ഗുജാറാത്തിലെ ബറൂച്ചിൽ 1949 ഓഗസ്റ്റ് 21 നായിരുന്നു അഹമ്മദ് പട്ടേൽ ജനിച്ചത്. കൗൺസിലറായാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്. 1977 ൽ ബറൂച്ചിൽ നിന്ന് മത്സരിക്കാൻ ഇന്ദിരാഗാന്ധി പട്ടേലിനെ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 28 വയസായിരുന്നു.ജനതാ തരംഗത്തിനിടയിലും പട്ടേൽ വിജിയിച്ച് കയറിയതോടെ കോൺഗ്രസിലെ തന്റെ പേര് അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു അദ്ദഹം.

പ്രവർത്തന ശൈലി
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർലമെന്റ് സെക്രട്ടറിയായി 1985ൽ നിയമിതനായി. രാജീവ് ഗാന്ധിയുടെ പ്രവർത്തന ശൈലിയെ അടിമുടി പിന്തുടർന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. തനിക്ക് മുൻപിൽ എത്തുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിക്കുന്ന പട്ടേലിനെയായിരുന്നു ദില്ലിയിലെ ജവഹർ ഭവൻ നിർമ്മിക്കാനുള്ള മേൽനോട്ട ചുമതല രാജീവ് ഗാന്ധി ഏൽപ്പിച്ചത്.

ഒരു വർഷം കൊണ്ട് നിർമ്മിച്ചു
നെഹ്റുവിന്റെ ജൻമവാർഷികത്തോട് അനുബന്ധിച്ചായിയിരുന്നു ജവഹർ ഭവൻ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പട്ടേൽ മേൽനോട്ട ചുമതല ഏറ്റെടുത്തതോടെ ഒറ്റവർഷംകൊണ്ടാണ് ജവഹർ ഭവന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

1987 ൽ ലോക്സഭയിലേക്ക്
1987 ലാണ് ആദ്യമായി ലോക്സഭയിലേക്ക് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് രണ്ട് തവണ കൂടി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.
1990 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് അദ്ദേഹം പിന്നീട് തന്റെ തട്ടകം രാജ്യസഭയിലേക്ക് മാറ്റിയത്. തുടർന്ന് അഞ്ച് തവണയാണ് അദ്ദേഹം രാജ്യസഭയിലൂടെ പാർലെമന്റിലെത്തിയത്. 2017 ഓ ഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭാംഗമാകുന്നത്.

അണിയറയിൽ നിന്ന്
അതേസമയം പാർട്ടിയിൽ നിർണായക ശക്തിയായി മാറിയപ്പോഴും യുപിഎ സർക്കാർ അധികാരത്തിലേറിയ 2004 ൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായാണ് അദ്ദേഹം പ്രവർത്തിച്ചത്. ഒരിക്കൽ പോലും മന്ത്രിസഭയിൽ അംഗമാകാൻ താത്പര്യപ്പെടാതിരുന്ന അദ്ദേഹം പാർട്ടിക്കും സർക്കാരിനും വേണ്ടി അണിയറയിൽ നിന്ന് നിതാന്തം പ്രയത്നിച്ചു.

രാഷ്ട്രീയ വിജയം
കോൺഗ്രസിൻെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിയുടെ ട്രബിൾ ഷൂട്ടറായി അദ്ദേഹം നിലകൊണ്ടു. 2017ൽ പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പട്ടേലിന്റെ വിജയത്തിന് കുരുക്കിടാൻ ബിജെപി നേതാവ് അമിത് ഷാ കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ബിജെപിക്ക് മേൽ ശക്തമായ രാഷ്ട്രീയ വിജയം നേടാൻ പട്ടേലിന്റെ വിജയത്തിലൂടെ കോൺഗ്രസിന് സാധിച്ചിരുന്നു.

കനത്ത നഷ്ടം
രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ സാമർത്ഥ്യമുള്ള നേതാവായിരുന്നു പട്ടേൽ.ഏറ്റവും ഒടുവിലായി രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചപ്പോഴും പാർട്ടി ആശ്രയിച്ചത് അഹമ്മദ് പട്ടേലിനെയായിരുന്നു. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി തവണ അഹമ്മദ് പട്ടേലിനെ ബിജെപി വേട്ടയാടിട്ടുണഅട്,ബിജെപി അധികാരത്തിലേറിയതോടെനഅദ്ദേഹത്തിനെതിരെ ഇഡി അന്വേഷണവും വന്നിരുനന്ു. പാർട്ടിയുടെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവിന്റെ വിടവാങ്ങൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിന് കനത്ത നഷ്ടമാണ്.
കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേല് അന്തരിച്ചു; വിടപറഞ്ഞത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്