ബീഫ് പ്രതിഷേധം; ബിജെപിയെ രക്ഷിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി കൈമാറ്റ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പ്രതിഷേധം നടക്കവെ ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബീഫ് പ്രതിഷേധം ബിജെപിയെ പ്രതിരോധത്തിലാക്കിയത് അമിത് ഷാ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ ബീഫ് വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് വിഷയം കൈകാര്യം ചെയ്യുന്നതിലും വിശദീകരണം നല്‍കുന്നതിലും വീഴ്ചവന്നു. കെ സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ക്ഷണിച്ചുവരുത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.

amitshah

കലാപ സാധ്യത ഉയര്‍ത്തിയാണ് ബിജെപി വിഷയത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ രീതി കേരളത്തില്‍ നടപ്പാകില്ലെന്നും നേതാക്കള്‍ക്കറിയാം. അമിത് ഷായുടെ സന്ദര്‍ശനത്തോടെ ഇതുസംബന്ധിച്ച് നേതാക്കള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും അമിത് ഷാ ചര്‍ച്ച ചെയ്യും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും മുതിര്‍ന്ന അഞ്ച് കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്. ബൂത്ത് ലെവല്‍ മുതല്‍ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം വേണമെന്നാണ് നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെയും അണികളെയും അടര്‍ത്തിയെടുത്ത് സംസ്ഥാനത്ത് പ്രധാന ശക്തിയാകാനാണ് ബിജെപിയുടെ പ്രധാന പദ്ധതി.

English summary
Amit Shah to visit Kerala amidst a raging row over beef ban
Please Wait while comments are loading...