ബംഗാളിൽ ട്വിസ്‌റ്റ്; രാജിസന്നദ്ധത അറിയിച്ച് മമത ബാനർജി, ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധം തുടരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡോക്‌ടർമാരുടെ പ്രതിഷേധം തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി. നീതിക്ക് വേണ്ടി തന്റെ കസേര ഉപേക്ഷിക്കാൻ തയ്യാറാണ് എന്നായിരുന്നു മമത ഇന്നറിയിച്ചത്. എന്നാൽ ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
തന്റെ സർക്കാരിനെ താഴെയിറക്കാൻ നടത്തുന്ന പ്രക്ഷോഭമാണ് ഇതെന്ന സൂചനയാണ് മമത ഇതിലൂടെ നൽകുന്നത്. സെപ്റ്റംബർ പത്തിന് വൈകീട്ടോടെ സമരം മതിയാക്കി ജോലിയിൽ തിരികെ കയറണമെന്ന സുപ്രീം കോടതി നിർദ്ദേശം ഉണ്ടായിരുന്നിട്ടും സംസ്ഥാനത്തെ ജൂനിയർ ഡോക്‌ടർമാർ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോവാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രസ്‌താവന വരുന്നത്.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മമത ബാനർജി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. കൂടുതൽ ഡോക്‌ടർമാർക്കും ചർച്ചയിൽ പങ്കെടുക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും മമത കുറിപ്പിൽ പറയുന്നു.
എന്നാൽ ഈ സ്‌തംഭനാവസ്ഥ അതേപടി തുടരണമെന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടെന്ന കാര്യം തങ്ങൾക്കറിയാമെന്നും മമത പറയുന്നുണ്ട്. ഇത് സമരത്തിലെ ബാഹ്യ ഇടപെടലിനെ പരോക്ഷമായി സൂചിപ്പിക്കുന്ന വാക്കുകളാണ്. നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഒക്കെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ഇടത് പിന്തുണയോടെ നടക്കുന്നതാണെന്നും അധികം വിശദീകരിക്കാതെ മമത പറഞ്ഞു.
'സാധാരണക്കാരുടെ നീതിക്ക് വേണ്ടി ഞാൻ രാജിവെക്കാൻ പോലും തയ്യാറാണ്. എന്നാൽ അവർക്ക് നീതിയല്ല വേണ്ടത്. അവർക്ക് എന്റെ കസേര മതി' മമത തന്റെ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും ഡോക്‌ടർമാരും മമത ബാനർജി സർക്കാരും തമ്മിൽ ഇതുവരെയും ചർച്ച നടക്കാത്ത സാഹചര്യം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്‌ടർമാരെ കാണാനും അവരുമായി ചർച്ച നടത്താനുമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ രണ്ട് മണിക്കൂർ കാത്തിരുന്നെങ്കിലും അവരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നായിരുന്നു മമത ബാനർജി ഇന്ന് അറിയിച്ചത്. എന്നാൽ യോഗം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡോക്‌ടർമാർ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയെങ്കിലും മമതയെ കാണാൻ കൂട്ടാക്കിയില്ല.
സർക്കാർ ലൈവ് വീഡിയോ റെക്കോർഡിംഗ് ആവശ്യത്തിന് തയ്യാറായിരുന്നു എങ്കിലും വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതായതിനാൽ തന്നെ നിയമപരമായ ചില പരിമിതികൾ ഉണ്ടെന്നായിരുന്നു തൃണമൂൽ സർക്കാരിന്റെ വാദം. സുപ്രീം കോടതിയുടെ അനുമതിയോടെ ഈ റെക്കോർഡിംഗ് പങ്കിടാൻ പോലും തയ്യാറായിരുന്നു എന്നാണ് സർക്കാർ പറയുന്നത്.
അതിനിടെ ദിവസങ്ങളായി തുടരുന്ന ഡോക്‌ടർമാരുടെ സമരം മൂലം സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 27 രോഗികൾ ചികിത്സ കിട്ടാതെ മരണപ്പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ഒരു അപകടത്തിൽ പെട്ട ഒരു രോഗി ചികിത്സ കിട്ടാതെ കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെയും കുടുംബത്തിന്റെയും കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നും മമത ചോദിച്ചിരുന്നു.












Click it and Unblock the Notifications