'ഭർത്താവ് ദുർമന്ത്രവാദത്തിന് ശ്രമിക്കുന്നു, മകനെ ബലി കൊടുക്കുന്നത് തടയണം'; പോലീസിനെ സമീപിച്ച് യുവതി
ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പോലീസിനെ സമീപിച്ച് യുവതി. ബെംഗളുരുവിലാണ് വിചിത്രമായ സംഭവം. മകനെയും തന്നെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ചതോടെയാണ് അസാധാരണ സംഭവങ്ങൾ പുറംലോകം അറിഞ്ഞത്.
ഭർത്താവ് കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ പീഡിപ്പിക്കുന്നുവെന്നും കാട്ടിയാണ് യുവതി പോലീസിനെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ഇളയ മകനെ കൂടുതൽ സമ്പന്നതയിലേക്ക് വളരാനായി 'കുട്ടി പൂജ' ദുർമന്ത്രവാദത്തിന് ഉപയോഗിക്കാൻ ഭർത്താവ് ശ്രമിക്കുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം.

സംഭവത്തിന് പിന്നാലെ കമ്മീഷണർ യുവതിയുടെ പരാതി സ്വീകരിക്കുകയും അടിയന്തരമായ നടപടികൾക്ക് ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്. ബെംഗളൂരുവിലെ കെആർ പുരം പോലീസിന്റെ അനാസ്ഥയ്ക്ക് എതിരെ യുവതി രംഗത്ത് എത്തുകയും ചെയ്‌തിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി ഒക്ടോബർ 27ന് കെആർ പുരം പോലീസിൽ പരാതി നൽകിയെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
ഇതിന് പിന്നാലെയാണ് ഇന്നലെ യുവതി കമ്മീഷണറെ നേരിട്ട് സമീപിച്ചത്. യുവതിയുടെ ഭർത്താവായ സദ്ദാം അഥവാ ആദി ഈശ്വർ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും കുഞ്ഞിനെ അപായപ്പെടുത്താൻ മുതിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കെആർ പുരത്ത് താമസിക്കുന്ന യുവതി പരാതി നൽകിയിരിക്കുന്നത്. വലിയ രീതിയിലുള്ള പീഡനമാണ് ഭർത്താവിൽ നിന്ന് നേരിടേണ്ടി വരുന്നതെന്നാണ് അവർ ആരോപിക്കുന്നത്.
2020ലാണ് യുവതി സദ്ദാമിനെ പരിചയപ്പെടുന്നത്. ആദി ഈശ്വർ എന്നായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും കൂടുതൽ അടുക്കുകയും അതേ വർഷം വിവാഹിതരാവുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ മുസ്ലീം മതാചാര പ്രകാരം കൂടി വിവാഹ ചടങ്ങുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും യുവതിയോട് മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നു.
യുവതിയെ മതം മാറ്റുകയും പുതിയ പേര് ഉൾപ്പെടെ നൽകുകയും ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നീട് 2021ലാണ് ഇവർക്ക് ആൺകുട്ടി പിറക്കുന്നത്. എന്നാൽ കുട്ടിയെ ബലി നൽകണമെന്നും കുട്ടി പൂജ എന്ന പേരിലുള്ള ഈ ആചാരത്തിലൂടെ പണക്കാരാവാമെന്നും ഇയാൾ പറയുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. കേരളത്തിലാണ് ഈ പൂജ നടക്കുന്നതെന്നും അവർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ഭർത്താവിന്റെ പെരുമാറ്റം സഹിക്കവയ്യാതെ യുവതി വീട് മാറിയെങ്കിലും ഇയാൾ പിന്തുടർന്നു. ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രദേശ വാസികളുടെ സഹായത്തോടെയാണ് അന്ന് രക്ഷപ്പെട്ടത്. ഇതിന് ശേഷം യുവതിയും മതവും കുഞ്ഞിനോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു.












Click it and Unblock the Notifications