തീവ്രവാദം തിരികെയെത്തി, ബിജെപി ദേശവിരുദ്ധ ശക്തികളുമായി സഖ്യത്തില്‍; തുറന്നടിച്ച് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീര്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം തീവ്രവാദം വ്യാപിക്കുന്നത് തടയാന്‍ സാധിച്ചില്ലെന്ന് സൂചിപ്പിക്കുന്നതാണ്. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍ക്ക് തോക്കുകള്‍ നല്‍കി സംരക്ഷണത്തിനായി രംഗത്തിറങ്ങുന്നത് സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതിന്റെ സാഹചര്യത്തിലാണ് ഒമര്‍ അബ്ദുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍ കുറച്ചുകാലമായി കശ്മീരില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുതിയ തോക്കുകള്‍ നല്‍കി തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജമ്മു മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ശ്രമങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ബിജെപി. അതിന്റെ ഭാഗമായി അവര്‍ ചെറുഗ്രൂപ്പുകളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കുകയാണെന്ന് ദോഡ ജില്ലയിലെ ബാദര്‍വായിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി മെഹബൂബ ഇഖ്ബാലിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ജയിലില്‍ പോയവരുമായും, കശ്മീരിനെ പാകിസ്താനുമായി കൂട്ടിച്ചേര്‍ക്കണമെന്ന് പറയുന്നവരുമായും വരെ ബിജെപി കൂട്ടുകുടുന്നുവെന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.
ബിജെപി അവരുടെ പ്രവര്‍ത്തകര്‍ക്ക് പോലും തോക്ക് വിതരണം ചെയ്യുകയാണ്. സമാധാനപരമാണ് ജമ്മു മേഖലയിലെ കാര്യങ്ങള്‍ എന്ന് പറയുന്ന ബിജെപിക്ക് പിഴച്ചിരിക്കുകയാണ് അവരുടെ സര്‍ക്കാര്‍ തീവ്രവാദത്തെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നതിന് വലിയ തെളിവാണിത്.
2014ന് മുമ്പ് ഞങ്ങളുടെ സര്‍ക്കാര്‍ തുടച്ചുനീക്കിയതാണ് തീവ്രവാദത്തെ, എന്നാല്‍ ഇപ്പോള്‍ ബിജെപി തീവ്രവാദത്തെ ജമ്മു മേഖലയില്‍ വളര്‍ത്തിയിരിക്കുകയാണ്. ആയുധങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുകയാണ്. അതെല്ലാം തീവ്രവാദത്തിന്റെ വളര്‍ച്ച കാരണം സംഭവിക്കുന്നതാണ്. ജമ്മുവിലെ സ്ഥിതി വഷളായിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ ആകെ ആശങ്കയിലാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു സംരക്ഷിക്കുമെന്നാണ് ബിജെപി എപ്പോഴും പറയുന്നത്. എന്നാല്‍ ജമ്മുവിലെ നിലവിലെ സാഹചര്യം അവര്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ്. ബിജെപിയുടെ മുദ്രാവാക്യം തന്നെ തെറ്റാണ്. കാരണം അവരാണ് ജമ്മു കശ്മീരിനെ തകര്‍ത്തത്. ഇവിടെ തീവ്രവാദത്തെ വീണ്ടും കൊണ്ടുവന്നത് അവരാണ്. അവരുടെ പത്ത് വര്‍ഷത്തെ ഭരണമാണ് എല്ലാം നശിപ്പിച്ചത്.
കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജമ്മു മേഖലയെ തീവ്രവാദ മുക്തമാക്കും. ഞങ്ങളും ദേശീയവാദികളാണ്. ഈ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ ആയിരങ്ങളാണ് ജീവത്യാഗം ചെയ്തിരിക്കുന്നത്. ദേശീയതയില്‍ ഞങ്ങള്‍ ഒട്ടും പിന്നില്‍ അല്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications