പൂര്‍വാഞ്ചലില്‍ ട്രെന്‍ഡ് മാറുന്നു, പ്രമുഖരെല്ലാം എസ്പിക്കൊപ്പം, ബിജെപിക്കൊപ്പം ഇവര്‍ മാത്രം
ദില്ലി: ബിജെപിയും എസ്പിയും ഒരുപോലെ ഇത്തവണ ഉറ്റുനോക്കുന്നത് പൂര്‍വാഞ്ചലിലേക്കാണ്. ഒരുപാട് കാരണങ്ങള്‍ അതിനുണ്ട്. ഇത്തവണ മണ്ഡലത്തില്‍ ട്രെന്‍ഡ് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ബെല്‍വെതര്‍ മേഖലയായിട്ടാണ് പൂര്‍വാഞ്ചല്‍ അറിയപ്പെടുന്നത്. സംസ്ഥാനത്തെ ഭരണം എങ്ങോട് പോകണമെന്ന് തീരുമാനിക്കാന്‍ പൂര്‍വാഞ്ചലിന് സാധിക്കും.
ഫെബ്രുവരി 27ന് പൂര്‍വാഞ്ചലില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കും. പിന്നോക്ക വിഭാഗം നേതാക്കളാണ് ഇവിടെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്. എസ്പിക്കും ബിജെപിക്കും ഒരുപോലെ വെല്ലുവിളി ഇവിടെയുണ്ട്. പക്ഷേ ബിജെപിക്കുണ്ടായിരുന്ന ആധിപത്യം ഇവിടെ നഷ്ടമായെന്ന് സൂചനയുണ്ട്. ഈ മേഖലയില്‍ നിന്നുള്ള നിരവധി നേതാക്കളാണ് ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്നത്.

യോഗി സര്‍ക്കാരിന്റെ ഭാഗമായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയാണ് ഇവിടെ ആദ്യം ബിജെപി സഖ്യം വിട്ടത്. ഓംപ്രകാശ് രാജ്ബര്‍ ബിജെപിയുമായി ഇടഞ്ഞാണ് പാര്‍ട്ടിവിട്ടത്. 2017ല്‍ ബിജെപിക്ക് ദളിത് വോട്ടുകളെ വന്‍ തോതില്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഈ സഖ്യം നിര്‍ണായകമായിരുന്നു. എട്ട് സീറ്റില്‍ മത്സരിച്ച എസ്ബിഎസ്പി നാല് സീറ്റില്‍ വിജയിച്ചിരുന്നു. ബിജെപി സഖ്യ സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയുമായി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യോഗിയുമായി അദ്ദേഹം ഇടഞ്ഞു. വൈകാതെ തന്നെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് പുറത്ത് പോയി. പിന്നീട് ബിജെപിക്കെതിരെ പോര്‍മുഖം തുറക്കുന്ന രാജ്ബറിനെയാണ് കണ്ടത്. എസ്ബിഎസ്പി ഇത്തവണ 18 സീറ്റിലാണ് മത്സരിക്കുന്നത്.

എസ്ബിഎസ്പി നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ അത് എസ്പിയെ സഹായിക്കുമെന്നതാണ് സത്യം. ദളിതുകളും, പിന്നോക്ക വിഭാഗക്കാരും എസ്പിയെ അത്തരമൊരു പാര്‍ട്ടിയായി വിശ്വസിക്കാന്‍ ഇവരുടെ സാന്നിധ്യം ഗുണം ചെയ്യും. പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ പിന്തുണ എസ്ബിഎസ്പിക്കുണ്ട്. ഭീണ്ഡ്, കുംഹാര്‍, പ്രജാപതി, കുശ്വാഹ, കോറി വിഭാഗങ്ങളുടെ പാര്‍ട്ടിയായിട്ടാണ് എസ്ബിഎസ്പി അറിയപ്പെടുന്നത്. സംസ്ഥാനത്തെ ജാതിസമവാക്യം തന്നെ മാറ്റിമറിക്കാന്‍ ഇതിലൂടെ സമാജ് വാദി പാര്‍ട്ടിക്ക് സാധിക്കും. ദളിതുകളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ബിജെപിയെ അത്ര വിശ്വസിക്കുന്നില്ല. പ്രധാന കാരണം യോഗിയുടെ ഭരണത്തില്‍ നടന്ന ദളിത് ദ്രോഹങ്ങളാണ്. ഇത് എസ്പിക്ക് ഗുണകരമായേക്കും.

അതേസമയം ബിജെപി പൂര്‍വാഞ്ചല്‍ പിടിക്കാന്‍ ചില തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. ബിജെപിക്കൊപ്പമുള്ളത് അനുപ്രിയ പട്ടേലിന്റെ അപ്‌നാ ദളാണ്. 2017ല്‍ അവരുണ്ടാക്കിയ നേട്ടം വമ്പനായിരുന്നു. പിതനൊന്ന്‌സീറ്റില്‍ അവര്‍ മത്സരിച്ചിരുന്നു. ഇതില്‍ ഒന്‍പത് സീറ്റും അവര്‍ വിജയിച്ചു. യുപിയിലെ പ്രാദേശിക കക്ഷികളില്‍ കരുത്ത് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് അവര്‍. ഇത്തവണ 17 സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. അനുപ്രിയ പട്ടേലില്‍ ബിജെപി വിശ്വസിക്കുന്നുണ്ട്. കുര്‍മികളുടെ നേതാവാണെന്ന് ഉറപ്പിക്കലാണ് അവര്‍ക്ക് ഇനി തെളിയിക്കാനുള്ളത്. ബഹുഭൂരിപക്ഷം കുര്‍മി വോട്ടുകളും അവര്‍ നേടേണ്ടി വരും. നിഷാദ് പാര്‍ട്ടിയും ബിജെപിക്കൊപ്പമുണ്ട്.

നിഷാദ് പാര്‍ട്ടിക്ക് 160 സീറ്റില്‍ ആധിപത്യമുണ്ടെന്നാണ് സഞ്ജയ് നിഷാദ് പറയുന്നത്. ഇത്തവണ അവര്‍ 16 സീറ്റിലാണ് മത്സരിക്കുന്നത്. പക്ഷേ 2017ല്‍ 72 സീറ്റില്‍ അവര്‍ മത്സരിച്ചെങ്കിലും ജയിച്ചത് ഒരു സീറ്റിലാണ്. ഇത് ഗ്യാന്‍പൂര്‍ സീറ്റാണ്. ഇത്തവണയും അവര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ബിജെപി വിട്ട് വന്ന വിമതരിലാണ് എസ്പിയുടെ പ്രതീക്ഷ. സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാന്‍ എന്നിവരാണ് എസ്പിക്കൊപ്പമുള്ളത്. ഇവര്‍ രണ്ട് പേരും മത്സരിക്കുന്നുണ്ട്. അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേലിനെ അനുപ്രിയക്കെതിരെ മത്സരിപ്പിച്ചിരിക്കുകയാണ് എസ്പി. ഇത് ഗെയിം ചേഞ്ചറാവും. കൃഷ്ണയുടെ മകള്‍ പല്ലവിയെയും ഇത്തവണ എസ്പി മത്സരിക്കുന്നുണ്ട്. സിരാഥുവില്‍ നിന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെയാണ് മത്സരം.












Click it and Unblock the Notifications