'യുപിയിൽ ബിജെപി തൂത്തെറിയപ്പെടും'; കേരളത്തെ അധിക്ഷേപിച്ച യോഗിക്ക് അഖിലേഷ് യാദവിന്റെ മറുപടി
ദില്ലി: 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് എന്നത് കൊണ്ട് തന്നെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ എസ്പി വലിയ ആത്മവിശ്വാസത്തിലാണ്.
പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ യുപിയില്‍ ഭരണകക്ഷിയായ ബിജെപിക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല എന്നത് എസ്പിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. അതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഖിലേഷ് യാദവ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് എല്ലാവരും എസ്പിക്ക് വോട്ട് ചെയ്യുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താല്‍പര്യം ഹിന്ദു- മുസ്ലീം വര്‍ഗീയത പറയുന്നതിനും അക്രമത്തിലുമാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ അധിക്ഷേപത്തിനും അഖിലേഷ് യാദവ് മറുപടി പറഞ്ഞു. വികസനത്തെ കുറിച്ചല്ല, മണ്ടത്തരമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യോഗി ആദിത്യനാഥ് കേരളത്തെ യുപിയുമായി താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാനാകുമോയെന്ന് അഖിലേഷ് ചോദിച്ചു. ആരോഗ്യമടക്കമുളള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപിയെന്ന് അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗിന്റെ സര്‍വ്വേ പ്രകാരം കേരളം ഏറ്റവും മുന്നിലാണ്. വിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങളിലും ഒക്കെ കേരളം യുപിയേക്കാളും മുന്നിലാണ്. ആരുമായാണ് താരതമ്യം ചെയ്യേണ്ടത് എന്ന് പോലും യോഗിക്ക് അറിയില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. ബിജെപി നേതാക്കളുടെ മുഖം കണ്ടിട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് തോന്നുന്നുണ്ടോയെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ബിജെപി സര്‍ക്കാര്‍ വ്യാജ വാഗ്ദാനങ്ങള്‍ ആണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഉത്തര്‍ പ്രദേശില്‍ തൊഴില്‍ സൃഷ്ടിക്കാനോ ആരോഗ്യരംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നായിരുന്നു പറഞ്ഞപ്പോള്‍. ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വൈദ്യുതിയുടേയും നിരക്ക് കൂട്ടി. കര്‍ഷകര്‍ എതിരായത് കൊണ്ടാണ് സര്‍ക്കാരിന് കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടി വന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ന്യൂനപക്ഷവും ദളിത്-പിന്നോക്ക വിഭാഗവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക സമുദായവും ഇപ്പോള്‍ ബിജെപിക്കെതിരെയാണ് ഉളളത്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ഇക്കുറി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം പ്രധാനപ്പെട്ട ബിജെപി നേതാക്കള്‍ എല്ലാവരും തന്നെ ഉത്തര്‍ പ്രദേശിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. കാരണം യുപിയില്‍ തോറ്റാല്‍ കേന്ദ്രത്തിലും തോല്‍വി ഉറപ്പാണെന്ന് ബിജെപിക്ക് അറിയാം.
Recommended Video

ഉത്തര്‍ പ്രദേശിന്റെ സമഗ്രമായ വികസനം വാഗ്ദാനം ചെയ്താണ് സമാജ്വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കുമെന്ന് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെയോ മറ്റ് പാര്‍ട്ടികളുടേയോ പിന്തുണ തേടേണ്ട സാഹചര്യമുണ്ടാകില്ല. തങ്ങള്‍ ബിജെപിയെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ബിഎസ്പിയും തങ്ങളെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നത് എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കേണ്ടതുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications