എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; പച്ചക്കറി മുറിക്കാനുള്ളതെന്ന് വിശദീകരണം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ നൽകിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയതെന്ന് എയർ ഇന്ത്യ യാത്രക്കാരൻ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്‌ച എയർ ഇന്ത്യ എഐ 175 വിമാനത്തിൽ തനിക്കുണ്ടായ ദുരനുഭവം മാധ്യമപ്രവർത്തകനായ മാഥുരസ് പോൾ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവച്ചത്.
യാത്രാവേളയിൽ മധുരക്കിഴങ്ങ് റോസ്‌റ്റും ഫിഗ് ചാട്ടുമായിരുന്നു അദ്ദേഹം കഴിക്കാനായി ഓർഡർ ചെയ്‌തത്. എന്നാല്‍ ഇത് കഴിക്കുന്നതിനിടെ ബ്ലേഡ് കഷണം പോലുള്ള എന്തോ ഒന്ന് വായില്‍ കുടുങ്ങുകയായിരുന്നുവെന്ന് മാഥുരസ് പറയുന്നു. പെട്ടെന്ന് ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവായതായും അദ്ദേഹം തന്റെ പോസ്‌റ്റിൽ അറിയിച്ചു.

'എയർ ഇന്ത്യ ഭക്ഷണത്തിന് കത്തി പോലെ മുറിക്കാനും കഴിയും. വറുത്ത മധുരക്കിഴങ്ങിൽ ബ്ലേഡ് പോലെ തോന്നിക്കുന്ന ഒരു ലോഹക്കഷണമാണ് ഒളിപ്പിച്ചിരുന്നത്. കുറച്ച് സമയം ചവച്ചതിന് ശേഷമാണ് എനിക്ക് അത് അനുഭവപ്പെട്ടത്. ഭാഗ്യവശാൽ, അപകടമൊന്നും സംഭവിച്ചില്ല. തീർച്ചയായും കുറ്റം എയർ ഇന്ത്യയുടെ കാറ്ററിംഗ് സേവനത്തിൻമേലാണ് വരികയെങ്കിലും, സംഭവം എയർ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഒരിക്കലും ഗുണം ചെയ്യില്ല' അദ്ദേഹം ഭക്ഷണത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
ഈ ഭക്ഷണം കുഞ്ഞിനാണ് നൽകിയിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എയർ ഇന്ത്യക്ക് എതിരെ ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ എയർലൈൻ തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. പച്ചക്കറി അരിയുന്ന യന്ത്രത്തിന്റെ ഭാഗമാണ് കണ്ടെടുത്ത ബ്ലേഡ് എന്നാണ് എയർലൈൻ അതിന്റെ പ്രതികരണത്തിൽ പറയുന്നത്.
കൂടാതെ ബാധിക്കപ്പെട്ട യാത്രക്കാരനെ എയർ ഇന്ത്യ അധികൃതർ നേരിട്ട് ബന്ധപ്പെട്ടുവെന്നാണ് ലഭ്യമായ വിവരം. ഖേദം പ്രകടിപ്പിച്ചതിന് പുറമെ പോളിന് വലിയൊരു വാഗ്‌ദാനവും എയർലൈൻ അധികൃതർ മുന്നോട്ട് വച്ചുവെന്നാണ് സൂചന. ഒരുവര്‍ഷത്തിനിടെ ഉപയോഗിക്കാനാവുന്ന സൗജന്യ വണ്‍വേ ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. എന്നാൽ ഇത് പോൾ നിരസിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ എയർ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പ്രതികരണം അറിയിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ഒരു വിമാനത്തിലെ അതിഥിയുടെ ഭക്ഷണത്തിൽ അന്യ വസ്‌തു കണ്ടെത്തിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. അന്വേഷണത്തിന് ശേഷം, ഞങ്ങളുടെ കാറ്ററിംഗ് പങ്കാളിയുടെ സൗകര്യങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനത്തിൽ നിന്നാണ് ഇത് വന്നതെന്ന് കണ്ടെത്തി' എയർ ഇന്ത്യയുടെ ചീഫ് കസ്‌റ്റമർ എക്‌സ്‌പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര വ്യക്തമാക്കി.












Click it and Unblock the Notifications