കത്തിക്കരിഞ്ഞ വിമാനാവശിഷ്‌ടങ്ങൾ, തകർന്നുവീണ കെട്ടിടഭാഗങ്ങൾ; എന്നിട്ടും കേടുകൂടാതെ ഭഗവത് ഗീത..!
സൂറത്ത്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. 265ലധികം പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വിമാനം ഏതാണ്ട് പൂർണമായും ചാരമായപ്പോൾ അത് ചെന്ന് പതിച്ച കെട്ടിടവും നാമാവശേഷമായിരുന്നു.
മേഖലയിലെ ഒട്ടുമിക്ക ഭാഗങ്ങളും കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങളാൽ മുങ്ങിയപ്പോഴാണ് ഭഗവദ് ഗീത ഇവിടെ നിന്നും കണ്ടെത്തിയത്. പ്രദേശം ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.പുകയുന്ന അവശിഷ്‌ടാങ്ങളുടെ കൂമ്പാരത്തിനിടയിൽ നിന്നാണ് ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ ഒരു പകർപ്പ് ഇവിടെ എത്തിയ സന്നദ്ധ പ്രവർത്തകർ കണ്ടെടുത്തത്.

വിമാനത്തിന്റെ ഭൂരിഭാഗവും കത്തിക്കരിഞ്ഞുപോയ അത്രയും ശക്തമായ തീപിടുത്തമുണ്ടായിട്ടും ഭഗവദ് ഗീതാ പകർപ്പിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തിട്ടുണ്ട്.
ഇത്രയൊക്കെ ആയിട്ടും ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകൾ കേടുകൂടാതെ കാണപ്പെട്ടുവെന്ന് ദൃശ്യങ്ങൾ വ്യക്തമാണ്. പുറംചട്ടയിൽ മാത്രമാണ് അൽപ്പമെങ്കിലും പോറലുള്ളത്. അതിലെ വാചകവും ചിത്രങ്ങളും വ്യക്തമായി കാണാമായിരുന്നു. ഇതിലെ പേജുകൾ ഓരോന്നായി മറിച്ചിടുന്ന വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഒരുപക്ഷേ അതൊരു യാത്രക്കാരന്റേതായിരിക്കാം... ആരെങ്കിലും അത് വായിച്ചുകാണും. അതുകൊണ്ടാണ് ഇത് ഇവിടെയുള്ളത്. കടുത്ത ചൂടുണ്ടായിട്ടും അത് കേടുകൂടാതെയിരുന്നു. സ്വാമി പ്രഭുപാദയുടെ (ഇസ്‌കോൺ സ്ഥാപകൻ) ഉൾപ്പെടെയുള്ള ഓരോ ചിത്രവും ഇപ്പോഴും അതേപടി നിലനിൽക്കുന്നു' രക്ഷാപ്രവർത്തകനെ ഉദ്ധരിച്ച് ആജ്‌തക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 241 യാത്രക്കാരും വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ 265ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ രമേശ് വിശ്വാസ് കുമാർ എന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാന യാത്രക്കാരിൽ ഇയാൾ മാത്രമാണ് ബാക്കിയായത്.
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായ ഇതിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. നിലവിൽ ഇതിന്റെ കാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ബ്ലാക് ബോക്‌സ് കണ്ടെത്തിയതോടെ വിമാനത്തിന്റെ അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications