പാകിസ്ഥാനുമായി ശാശ്വത വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് ചൈന; യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്ന് ഡോവൽ
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ ശാശ്വതവും ദീർഘകാലത്തേക്ക് ഉള്ളതുമായ വെടിനിർത്തൽ കരാർ ഉണ്ടാവണമെന്ന് ചൈന. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്‌എ) അജിത് ഡോവലുമായി സംസാരിക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുമെന്നും വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ ഇതിന് കൃത്യമായ മറുപടിയാണ് അജിത് ഡോവൽ നൽകിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ല യുദ്ധമെന്നും പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഡോവൽ വാങിനോട് പറഞ്ഞതായി ചൈനീസ് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ചർച്ചയിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ വാങ് യി അപലപിച്ചു.

പാകിസ്ഥാൻ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായും വാങ് യി സംസാരിച്ചതായി സിൻഹുവയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ചൈനീസ് നിലപാട് പാകിസ്ഥാന് അനുകൂലമാണെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. തീവ്രവാദത്തെ തള്ളി പറയുന്നു എന്ന് പറയുമ്പോഴും അവർ സഖ്യ കക്ഷികളായ പാകിസ്ഥാനെ ചേർത്ത് നിർത്തുകയാണ് എന്നാണ് പ്രധാന ആക്ഷേപം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള കരാറിനോട് ആദ്യം പ്രതികരിച്ച രാജ്യങ്ങളിൽ ഒന്നാണ് ചൈന. ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർക്കിടയിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്ന കരാർ ആയിരുന്നു ഇത്. എന്നാൽ ചൈനയുടെ പ്രതികരണം അവിടെയും ഇവിടെയും തൊടാതെ ആയിരുന്നുവെന്ന് വ്യക്തം. ഇരുപക്ഷത്തെയും പിണക്കാതെയുള്ള നീക്കമായിരുന്നു അത്.
എൻഎസ്എ അജിത് ഡോവലിനോട് നീണ്ട വെടിനിർത്തലിന് അഭ്യർത്ഥിച്ച വാങ് യി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പരമാധികാരം, പ്രദേശിക സമഗ്രത, ദേശീയ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിൽ പാകിസ്ഥാനുള്ള ചൈനയുടെ പിന്തുണ ആവർത്തിച്ച് ഉറപ്പിക്കുകയാണ് ചെയ്‌തത്. ഇതോടെയാണ് ചൈനീസ് നീക്കങ്ങൾ പല കേന്ദ്രങ്ങളും സംശയ ദൃഷ്‌ടിയോടെ കാണുന്നത്.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പാകിസ്ഥാന്റെ ഉത്തരവാദിത്ത സമീപനത്തെ അഭിനന്ദിക്കുകയാണ് ചൈന ചെയ്‌തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ഏത് സാഹചര്യത്തിലും തന്ത്രപരമായ സഹകരണ പങ്കാളിയായി എപ്പോഴും ചൈന കൂടെയുണ്ടാവുമെന്ന സന്ദേശവും പാകിസ്ഥാന് അവർ നൽകി കഴിഞ്ഞുവെന്നത് ഇതിനോട് ചേർത്തുവായിക്കണം.
ഇന്നലെ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നുവെന്നതാണ് പ്രധാന കാര്യം. ജമ്മു കശ്‌മീർ ഉൾപ്പെടെയുള്ള മേഖലകളിൽ ഡ്രോൺ ആക്രമണങ്ങളും സ്ഫോടന ശബ്‌ദങ്ങളും ഒക്കെ ഉണ്ടായിരുന്നു. പാകിസ്ഥാൻ കരാർ പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ഇതിനിടെ നൽകിയിരുന്നു.
അതിനിടെ ചൈന, അമേരിക്ക, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഉൾപ്പെട്ട തീവ്രമായ നയതന്ത്ര ശ്രമങ്ങൾക്ക് ശേഷമാണ് ഇന്ത്യ-പാകിസ്ഥാൻ കരാർ ഉണ്ടായതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇരുപക്ഷവും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നാണ് ഇന്ത്യയുടെ വാദം.
നേരത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പാകിസ്ഥാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും, ഏറ്റവും വലിയ പ്രതിരോധ പങ്കാളിയുമായ ചൈനയുടെ തുടർച്ചയായ പിന്തുണയ്ക്ക് അഗാധമായ നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞ 58 വർഷമായി തങ്ങൾക്കൊപ്പം നിന്നതിന് നന്ദി എന്നാണ് ഷെരീഫ് പറഞ്ഞത്.
ഇന്നലെയാണ് കര, വ്യോമ, കടൽ മാർഗങ്ങളിലുള്ള എല്ലാ സൈനിക നടപടികളും ഉടനടി നിർത്തിവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചത്. നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷമായിരുന്നു ഈ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications