കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കില്ല'; യു ടേൺ അടിച്ച് മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം
ബെംഗളൂരു; കോൺഗ്രസ് വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ സി എം ഇബ്രാഹിന്റെ പ്രഖ്യാപനം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. കർണാടക പ്രതിപക്ഷ നേതൃ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി വിടാനുള്ള ഇബ്രാഹിൻറെ തിരുമാനം. ഉടൻ തന്നെ ജെ ഡി എസിലേക്ക് പോകുമെന്നുള്ള സൂചനയും അദ്ദേഹം നൽകി. എന്നാൽ ഇപ്പോഴിതാ തന്റെ തിരുമാനത്തിൽ നിന്നും 'യു ടേൺ' എടുത്തിരിക്കുകയാണ് ഇബ്രാഹിം. ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് ഇബ്രാഹിം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എസ് ആർ പാട്ടീലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുകയായിരുന്ന പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് ബി കെ ഹരിപ്രാസാദിനെ നിയമിക്കാനുള്ള തിരുമാനമായിരുന്നു ഇബ്രാഹിമിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു ഇബ്രാഹിമിന്റെ ആവശ്യം. നേതാക്കളുടെ പിന്തുണ ലഭിച്ചില്ലേങ്കിൽ തന്നെ പ്രതിപക്ഷ നേതാവാക്കേണ്ടെന്നും തനിക്ക് 19 (കൗൺസിലിലെ 26 കോൺഗ്രസ് അംഗങ്ങളിൽ) അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്നും ഇബ്രാഹിം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഏറ്റവും അടുത്ത അനുയായിയായ ഹരിപ്രസാദിനെ നേതൃത്വം പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വിശ്വസ്തനായ എം ബി പാട്ടീലിനെ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിൽ ചെയർമാൻ ആക്കിയതിന് തൊട്ടടുത്ത ദിവസമായിരുന്നു പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. പാർട്ടിക്കുള്ളിൽ സിദ്ദരാമയ്യ-ശിവകുമാർ വിഭാഗങ്ങളുടെ അധികാര വടംവലിയും ആഭ്യന്തര തർക്കങ്ങളും ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു ഹൈക്കമാന്റ് നീക്കം.
അതേസമയം തിരുമാനത്തിൽ ഇബ്രാഹിം ഇടഞ്ഞു. പാർട്ടിയിൽ അവഗണിക്കപ്പെട്ടുവെന്നും രാജിവെയ്ക്കുകയാണെന്നും ഇബ്രാഹിം പ്രഖ്യാപിച്ചു. ഹൈക്കമാന്റിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതേസമയം രാജിവെച്ചതോടെ പഴയ തട്ടകമായ ജെ ഡി എസിലേക്ക് അദ്ദേഹം തിരിച്ച് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമായിരുന്നു. ഇബ്രാഹിമിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ജെ ഡി എസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് സുപ്രധാന പദവി തന്നെ നൽകിയേക്കുമെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ താൻ ഇപ്പോൾ കോൺഗ്രസ് വിടുന്നില്ലെന്നാണ് ഇബ്രാഹിമിന്റെ പ്രതികരണം. പാർട്ടിയിലെ ചില കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് രാജിവെയ്ക്കാൻ തിരുമാനിച്ചത്. എന്നാൽ ദേശീയ നേതൃത്വം തന്നെ വിളിച്ച് സംസാരിച്ചെന്നും പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷം താൻ ഉടൻ തിരുമാനം പ്രഖ്യാപിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.
ഞാൻ കോൺഗ്രസ് വിട്ടാൽ കോൺഗ്രസിൽ നിന്നും നിരവധി നേതാക്കൾ പാർട്ടി വിടും. ഞാൻ രാജിവച്ചാൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിക്ക് മുൻതൂക്കം ലഭിക്കും. ഹൈക്കമാന്റ് തന്നോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ നിലപാട് അറിയിക്കുമെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇബ്രാഹിമിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന നേതാക്കളും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ദരാമയ്യയുടെ അടുത്ത അനുയായി ഈയ മുൻ മന്ത്രി എച്ച്സി മഹാദേവപ്പ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ഏറെ വിഷമത്തിലായിരുന്നുവെന്നും എന്നാൽ ഭരണഘടനയേയും ജനാധിപത്യത്തേയും തകർക്കാനൊരുങ്ങുന്നവർക്കെതിരെ കൈകോർക്കണമെന്ന് താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. തന്റെ അപേക്ഷ അദ്ദേഹം സ്വീകരിച്ചു, ധൃതിപ്പെട്ട് ഒരു തിരുമാനം കൈക്കൊള്ളില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്ന് മഹാദേവപ്പ മാധ്യമങ്ങളോട് പറഞ്ഞു.
1996 ൽ ദേവഗൗഡ മന്ത്രിസഭയിൽ സിവിൽ ഏവിയേഷന്റേയും ടൂറിസത്തിന്റേയും ചുമതലയുള്ള മന്ത്രിയായിരുന്നു ഇബ്രാഹിം.2008 ലാണ് ജനതാദൾ എസ് വിട്ട് ഇബ്രാഹിം കോൺഗ്രസിൽ ചേർന്നത്.












Click it and Unblock the Notifications