ശശി തരൂരിനെ തഴഞ്ഞ് കോണ്‍ഗ്രസ്; പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് 3 പേര്‍ മാത്രം
ദില്ലി: പുതിയ അധ്യക്ഷന്‍ വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. നിര്‍ണായകമായ ചുവടുവെപ്പാണ് പാര്‍ട്ടി നടത്തിയത്. പക്ഷേ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ് കൂടുതലായും ഇടംപിടിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ തിളങ്ങിയ ശശി തരൂരിനെ സമിതിയില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്.

ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എല്ലാവരും സമിതിയിലുണ്ട്. കേരളത്തില്‍ നിന്ന് ആകെ മൂന്ന് പേര്‍ മാത്രമാണ് സമിതിയില്‍ ഉള്ളത്. അതേസമയം തരൂരിന് അര്‍ഹിച്ച സ്ഥാനം ലഭിക്കുമെന്ന് നേരത്തെ നേതാക്കളെല്ലാം പറഞ്ഞത് പാഴ് വാക്കാവുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജി സമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തക സമിതി ചുമതലയേല്‍ക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍ വരുന്നത്. അതേസമയം പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് ബാക്കിയുള്ളവര്‍ സമ്മതിക്കുമോ എന്നാണ് അറിയാനുള്ളത്. പലര്‍ക്കും സ്ഥാനം നഷ്ടമാകാനും ഇത് ഇടയാക്കുമെന്ന് ഭയമുണ്ട്.

47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടും ശശി തരൂരിനെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തരൂരിന് ഇത് വന്‍ തിരിച്ചടിയാണ്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമിതിയിലുണ്ട്. മന്‍മോഹന്‍ സിംഗ്, ജയറാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, അംബികാ സോണി, അജയ് മാക്കന്‍, ഹരീഷ് റാവത്ത്, അഭിഷേക് മനു സിംഗ്‌വി എന്നിവരും പാനലിലുണ്ട്. ഇവരെല്ലാം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തതരാണ്. ജി23 ഗ്രൂപ്പിലെ ആനന്ദ് ശര്‍മയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തരൂരിന് ഇനിയെന്ത് റോള്‍ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം കേരളത്തില്‍ നിന്ന് മൂന്ന് നേതാക്കളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരാണ് പട്ടികയിലുള്ളത്. പുതിയ അധ്യക്ഷന് സമിതിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാം. അടുത്ത വര്‍ഷം നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക. അതേസമയം തരൂരിന് വേണ്ടി ക്യാമ്പയിന്‍ നടത്തിയ ടീമിനും പുതിയ തീരുമാനം തിരിച്ചടിയാണ്.












Click it and Unblock the Notifications