മേഘാലയയില്‍ കോണ്‍ഗ്രസ് ചതിച്ചെന്ന് തൃണമൂല്‍, ബിജെപി സഖ്യത്തില്‍ പ്രതിപക്ഷത്തിന് അമ്പരപ്പ്
ഷില്ലോങ്: മേഘാലയ പുതിയൊരു രാഷ്ട്രീയ സഖ്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് പ്രതിപക്ഷ നിരയെ ഒന്നാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വിഷയാധിഷ്ഠിതമായ പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുകയെന്ന് നേതൃത്വം പ്രഖ്യാപിച്ച് കഴിഞ്ഞു.
ബിജെപിക്കല്ല മറിച്ച് കോണ്‍റാഡ് സംഗ്മയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് മേഘാലയ നേതൃത്വം പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വന്‍ ചതിയാണ് മേഘാലയയില്‍ കണ്ടിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അടുത്തിടെ തൃണമൂലില്‍ ചേര്‍ന്ന മുകുള്‍ സംഗ്മയും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു.

നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ഭൂരിഭാഗം എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തിന് തന്നെ തിരിച്ചടിയുണ്ടായെന്നും, വളരെ ആശങ്കപ്പെടുത്തുന്നതാണ് ഈ ശ്രമമെന്നും നേതൃത്വം പറയുന്നു. ഇതിന് പിന്നാലെ നിയമസഭാ കക്ഷി യോഗം ചേരുകയും പിന്നാലെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയെ കണ്ട് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാവുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്. എന്നാല്‍ നിലനില്‍പ്പിന് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ബിജെപി മേഘാലയയില്‍ വളരെ ചെറിയ പാര്‍ട്ടിയാണെന്നും അതുകൊണ്ട് അവരുമായിട്ടുള്ള സഖ്യമായി ഇതിനെ കാണേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. പകരം സര്‍ക്കാരിനുള്ള പിന്തുണയായി കണ്ടാല്‍ മതിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് മനീഷ് തിവാരിക്കാണ് മേഘാലയയുടെ ചുമതല. അദ്ദേഹം ഈ വിഷയം ഗൗരവമായി പരിശോധിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ റോളാണ് ഇനിയും നിര്‍വഹിക്കുകയെന്ന് മനീഷ് തിവാരി പറഞ്ഞു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലാണെന്നും തിവാരി വ്യക്തമാക്കി. കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് തന്നെ ഈ വിഷയത്തില്‍ അതൃപ്തിയുണ്ട്.

അതേസമയം പ്രതിപക്ഷ നിരയില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ നീക്കം ചര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിലൂടെ പ്രതിപക്ഷ നിരയിലെ കൂടുതല്‍ പാര്‍ട്ടികളെ സ്വന്തം പക്ഷത്തേക്ക് മാറ്റാനാണ് തൃണമൂലിന്റെ ശ്രമം. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം തീരുമാനിച്ച് കഴിഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ല. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ് ഉള്ളതെന്നും സിപിഎം പിബി വിമര്‍ശിച്ചു. പ്രാദേശിക പാര്‍ട്ടികാണ് ബിജെപിയെ ഫലപ്രദമായി നേരിടുന്നതെന്നും സിപിഎം വിലയിരുത്തുന്നു. ഇതോടെ കോണ്‍ഗ്രസിനെ കൈവിടുന്ന മൂന്നാമത്തെ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്.

കോണ്‍ഗ്രസ് മേഘാലയയില്‍ ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. അവര്‍ ആശയക്കുഴപ്പത്തിന്റെ ഇരകളാണെന്ന് മുകുള്‍ സംഗ്മ പറഞ്ഞു. ബാക്കിയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ മേഘാലയയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എന്‍പിപിക്കൊപ്പം ചേരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തെ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി സഖ്യകക്ഷിയായിരിക്കുന്ന ഒരു സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ കോണ്‍ഗ്രസ് നിലപാട് തന്നെ മാറ്റിയിരിക്കുകയാണെന്നും സംഗ്മ പറഞ്ഞു. അതേസമയം ബിജെപിയും കോണ്‍ഗ്രസും ഒരേ സര്‍ക്കാരിന്റെ ഭാഗമാണോ എന്ന് അരവിന്ദ് കെജ്രിവാളും ചോദിച്ചു.

മുകുള്‍ സംഗ്മയുടെയും മറ്റ് എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇത് സ്പീക്കറുടെ പരിഗണനയിലാണ്. അതേസമയം സ്പീക്കര്‍ മെത്ബാ ലിംഗ്‌ദോ ഇവരെ തൃണമൂല്‍ എംഎല്‍എമാരായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് അയോഗ്യതാ നീക്കം ഇതുവരെ മുന്നോട്ട് പോയിട്ടില്ല. സ്പീക്കര്‍ ഇവരെ അയോഗ്യരാക്കാന്‍ വിസമ്മതിച്ചാല്‍ മേഘാലയയില്‍ മുഖ്യ പ്രതിപക്ഷമായി തൃണമൂല്‍ മാറും. നിലവില്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും കൂറുമാറിയതിനാല്‍ ഇവരെ അയോഗ്യരാക്കാന്‍ പറ്റുമോ എന്ന് സാധ്യമല്ല. അതേസമയം കോണ്‍ഗ്രസാണ് ഈ പാര്‍ട്ടികളുടെ ഇടയില്‍ ആകെ തകര്‍ന്ന് പോയത്. 2018ലെ തിരഞ്ഞെടുപ്പില്‍ 21 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ ഒരാള്‍ എന്‍പിപിയില്‍ ചേരുകയായിരുന്നു.












Click it and Unblock the Notifications