ഉപമുഖ്യമന്ത്രിയായി മുസ്ലീം നേതാവ് വരണം; കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥനയുമായി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
ബെംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ വ്യത്യസ്തമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സുന്നി ഉലമ ബോര്‍ഡ്. കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം വിഭാഗത്തിന് നല്‍കണമെന്നാണ് ആവശ്യം. മുസ്ലീം സമുദായത്തില്‍ നിന്ന് വിജയിച്ച നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്.
അവരില്‍ ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും സുന്നി ഉലമ ബോര്‍ഡ് പറഞ്ഞു. അത് മാത്രമല്ല അഞ്ച് മുസ്ലീം എംഎല്‍എമാരെ മന്ത്രിമാരാക്കണമെന്നും വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരം, റവന്യൂ, ആരോഗ്യം പോലുള്ള വകുപ്പുകളും തങ്ങള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. മുപ്പത് സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച് സീറ്റാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണമായും വിജയിച്ചത് മുസ്ലീങ്ങള്‍ കാരണമാണെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി അവകാശപ്പെട്ടു.
ഒരു സമുദായമെന്ന നിലയില്‍ ഒരുപാട് തവണ കോണ്‍ഗ്രസിന് ഞങ്ങളെ കൊണ്ട് നേട്ടമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിന് അത് തിരിച്ചുതരേണ്ട സമയാണ്. ഞങ്ങള്‍ ക്ക് മുസ്ലീം ഉപമുഖ്യമന്ത്രി വേണം. ഒപ്പം അഞ്ച് മന്ത്രിമാരെയും വേണമെന്നും ഷാഫി ആവശ്യപ്പെട്ടു.
മികച്ച വകുപ്പുകള്‍ തന്നെ മുസ്ലീം സമുദായത്തിന് ലഭിക്കണം. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം പോലുള്ള വകുപ്പുകളാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളോട് നന്ദി കാണിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബാധ്യതയാണ്. സുന്നി ഉലമ ബോര്‍ഡ് ഓഫീസില്‍ ഞങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് ഉറപ്പാക്കാനാണ് ഈ യോഗം ചേര്‍ന്നതെന്നും ഷാഫി സാദി പറഞ്ഞു.
ഈ ഒന്‍പത് പേരില്‍ ആരൊക്കെയാണ് മന്ത്രിമാരാക്കുക എന്നതില്‍ പ്രസക്തിയില്ല. അതൊക്കെ കോണ്‍ഗ്രസിന് തീരുമാനിക്കാം. ആരാണ് നന്നായി പ്രവര്‍ത്തിച്ചതെന്ന് നോക്കുക. നല്ല സ്ഥാനാര്‍ത്ഥി ആരായിരുന്നുവെന്നും പരിശോധിക്കുക. നിരവധി മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ മറ്റ് മണ്ഡലങ്ങളും സന്ദര്‍ശിച്ചിരുന്നു. അവിടെ ഹിന്ദു-മുസ്ലീം ഐക്യം അവര്‍ ഉറപ്പാക്കിയെന്നും ഷാഫി അവകാശപ്പെട്ടു.
സ്വന്തം മണ്ഡലം പോലും നോക്കാതെയാണ് പലരും കോണ്‍ഗ്രസിന് വേണ്ടി പ്രയത്‌നിച്ചത്. അതുകൊണ്ട് മുസ്ലീങ്ങളുടെ റോള്‍ കോണ്‍ഗ്രസ് വിജയത്തില്‍ വലുതാണ്. അവര്‍ ഈ സമുദായത്തില്‍ നിന്ന് യോജിച്ച ഒരു നേതാവിനെ കണ്ടെത്തണം. അവരെ ഉപമുഖ്യമന്ത്രിയാക്കാന്‍ തയ്യാറാവണം. അത് അവരുടെ ബാധ്യതയാണെന്നും ഷാഫി പറഞ്ഞു.
അതേസമയം ഉപമുഖ്യമന്ത്രി പദം മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മുസ്ലീം നേതാക്കളും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മുസ്ലീം മുഖ്യമന്ത്രിയാണ് വേണ്ടത്. കര്‍ണാടകത്തില്‍ അതൊരിക്കലും ഉണ്ടായിട്ടില്ല. 90 ലക്ഷം മുസ്ലീങ്ങള്‍ സംസഥാനത്തുണ്ട്. ഞങ്ങളാണ് വലിയ ന്യൂനപക്ഷം. എസ്എം കൃഷ്ണയുടെ കാലത്തേത്ത് പോലെ അഞ്ച് മന്ത്രിമാരെ മുസ്ലീം സമുദായത്തിന് ആവശ്യമാണെന്നും ഷാഫി പറഞ്ഞു.












Click it and Unblock the Notifications