പഞ്ചാബില്‍ രാഷ്ട്രീയ യുദ്ധം, കോണ്‍ഗ്രസ് മോദിയെ വെറുക്കുന്നുവെന്ന് സ്മൃതി, ചന്നിയുടെ വിശദീകരണം ഇങ്ങനെ
ദില്ലി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ യുദ്ധം. ഫ്‌ളൈഓവര്‍ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇരുപത് മിനുട്ടോളമാണ് കുടുങ്ങിയത്. പഞ്ചാബിലെ പ്രധാനമന്ത്രിയുടെ പരിപാടിയും റദ്ദാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി എത്തിയത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരത്തിലേക്ക് അദ്ദേഹം വരേണ്ടതായിരുന്നു. എന്നാല്‍ മഴയും വെളിച്ചക്കുറവും കാരണം എത്താന്‍ സാധിച്ചില്ല. ഇരുപത് മിനുട്ടോളം കാലാവസ്ഥ തെളിയാന് വേണ്ടി കാത്തിരുന്നത്. പഞ്ചാബ് പോലീസ് സുരക്ഷ ഒരുക്കിയ ശേഷമാണ് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്.

അതേസമയം ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എസ്പിജിയാണ് ഇതിന് ഉത്തരവാദികളെന്നും, പഞ്ചാബ് പോലീസ് സുരക്ഷ ഒരുക്കേണ്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ പ്രതിഷേധിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ മതിയായ മുന്‍കരുതലുകള്‍ എടുത്തില്ലെന്നും കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയാല്‍ മുഖ്യമന്ത്രിയോ, ചീഫ് സെക്രട്ടറിയോ, ഡിജിപിയോ സ്വീകരിക്കാന്‍ വരാറുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പോകാറുമുണ്ട്. ഇത്തവണ ഇവര്‍ മൂന്ന് പേരും വന്നില്ലെന്ന് കേന്ദ്രം പറയുന്നു. കര്‍ഷകരും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും കേന്ദ്രം ആരോപിക്കുന്നു.
പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രാജിവെക്കണമെന്ന് അശ്വനി ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സമരമാണ് അരങ്ങേറിയതെന്ന് ശര്‍മ തുറന്നടിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ ബസുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്‌തെന്നും ശര്‍മ പറഞ്ഞു. പഞ്ചാബിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് താളംതെറ്റിയത്. ജനങ്ങളെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് പോലീസ് പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രി ഫോണ്‍ പോലും എടുത്തില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
ഒരു സുരക്ഷാ വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി പറഞ്ഞു. പ്രധാനമന്ത്രി ഹെലികോപ്ടര്‍ വഴിയാണ് വരേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങളെ അറിയിക്കാതെ റോഡ് മാര്‍ഗമാണ് അദ്ദേഹം വന്നത്. പ്രതിഷേധക്കാരോട് മൂന്ന് മണിക്ക് തന്നെ റോഡില്‍ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടതാണ്. 70000 പേരുണ്ടാവുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ റാലിക്ക് ആകെ വന്നത് 700 പേരാണ്. മഴയും, പ്രതിഷേധവുമൊക്കെ പറഞ്ഞ് അവര്‍ റാലി റദ്ദാക്കുകയായിരുന്നുവെന്ന് ചരണ്‍ജിത്ത് ചന്നി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നു. കോണ്‍ഗ്രസ് മോദിയെ വെറുക്കുന്നുണ്ട്. അവര്‍ മോദിയെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അതിനായി ഉണ്ടാക്കിയതാണ് പ്രതിഷേധങ്ങളെന്നും സ്മൃതി ഇറാനി ആരോപിച്ചു.












Click it and Unblock the Notifications