കോണ്‍ഗ്രസിന്റെ വനിതാ മുഖം പാര്‍ട്ടി വിടുന്നു, ബിജെപിയില്‍ ചേര്‍ന്നേക്കും, പ്രിയങ്കയ്ക്ക് തിരിച്ചടി
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തിന് വന്‍ തിരിച്ചടി. പ്രമുഖ വനിതാ നേതാവ് പ്രിയങ്ക മൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ ലഡ്കി ഹൂം ലാഡ് സക്തി ഹൂം എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു പ്രിയങ്ക. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണിത്. വലിയ തരംഗമാകും ഈ പ്രചാരണം എന്ന് കരുതിയിരിക്കവേയാണ് ഈ തിരിച്ചടി. അതേസമയം സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രിയങ്ക മൗര്യ കൂടി വരുന്നത് ബിജെപിക്ക് ഇരട്ട നേട്ടമാണ്.

യുപി തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മൗര്യ കോണ്‍ഗ്രസിന്റെ വനിതാ ക്യാമ്പയിന് നേതൃത്വം നല്‍കുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി അവര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല എന്നാണ് വിവരം. ടിക്കറ്റ് നിഷേധിച്ചതിന്റെ നിരാശയിലാണ് പ്രിയങ്ക പാര്‍ട്ടി വിടുന്നത്. ഇന്ന് തന്നെ ബിജെപിയില്‍ ചേരാനാണ് സാധ്യത. കോണ്‍ഗ്രസിന്റെ ടിക്കറ്റ് വിതരണത്തില്‍ കൃത്രിമത്വമുണ്ടെന്ന് നേരത്തെ പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു. തന്റെ പേരും പ്രശസ്തിയും ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസെന്ന് പ്രിയങ്ക ആരോപിച്ചു. ഒപ്പം തന്റെ പത്ത് ലക്ഷം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസെന്നും പ്രിയങ്ക ആരോപിച്ചു.
എന്നെ പരമാവധി ഉപയോഗിച്ച കോണ്‍ഗ്രസ്, പക്ഷേ ടിക്കറ്റ് നല്‍കിയില്ല. അവര്‍ അത് മറ്റാര്‍ക്കോ നല്‍കി. ഇത് അനീതിയാണ്. നേരത്തെ തന്നെ ഇതൊക്കെ തീരുമാനിച്ചുറപ്പിച്ചതാണെന്നും പ്രിയങ്ക മൗര്യ പറഞ്ഞു. യുപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് അവര്‍. ഞാന്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള വനിതയായത് കൊണ്ട് എനിക്ക് ടിക്കറ്റ് കിട്ടിയില്ല. ഞാന്‍ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗിന് കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല. ഇതൊക്കെ കാരണമാണ് ടിക്കറ്റ് ലഭിക്കാത്തതെന്നും അവര്‍ ആരോപിച്ചു. അഞ്ച് കോടി വനിത വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ് വലിയ പ്രചാരണങ്ങള്‍ക്ക് തയ്യാറെടുക്കവേയാണ് ഈ ആരോപണങ്ങല്‍ പാര്‍ട്ടിയെ തേടിയെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 40 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് നേരത്തെ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതായത് 160 സ്ഥാനാര്‍ഥികള്‍ സ്ത്രീകളായിരിക്കും എന്നാണ് ഉറപ്പ്. അതേസമയം പ്രിയങ്കയുടെ പ്രഖ്യാപനം എല്ലായിടത്തും നടപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പഞ്ചാബിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ വെറും ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് സ്ത്രീകള്‍. 86 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ യുപിയില്‍ പ്രിയങ്കയുടെ വനിതാ ക്യാമ്പയിന്‍ വിജയിക്കുമോ എന്ന് ഉറപ്പില്ല. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് പാര്‍ട്ടികള്‍ മാറുന്നത്. ബിജെപിയില്‍ നിന്ന് പതിനഞ്ചോളം എംഎല്‍എമാര്‍ നേരത്തെ രാജിവെച്ചിരുന്നു.












Click it and Unblock the Notifications