ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്, ഇടംനേടി മുൻ കേന്ദ്രമന്തിയും
ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. മുൻ കേന്ദ്രമന്തി ഉൾപ്പടെ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കോൺഗ്രസ് കൗൺസിലറായ അരിബ ഖാനും മുൻ കേന്ദ്രമന്ത്രി കൃഷ്‌ണ തിരാത്തും എഎപി വിട്ട് കോൺഗ്രസിൽ ചേർന്ന ധരം പാൽ ലക്രയുമാണ് ഇതിൽ പേര് വന്നിരിക്കുന്നത് പ്രമുഖർ. ഇതോടെ 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 63 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പട്ടേൽ നഗറിൽ നിന്നാണ് പാർട്ടി കൃഷ്‌ണ തിരാതിനെ മത്സരിപ്പിക്കുന്നത്. മുൻ ഡൽഹി എംഎൽഎ എന്നതിന് പുറമേ നോർത്ത് വെസ്‌റ്റ് ഡൽഹിയിൽ നിന്നുള്ള കോൺഗ്രസ് എംപിയായും കേന്ദ്രമന്ത്രിയായും തിരാത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം 2019ൽ വീണ്ടും കോൺഗ്രസിൽ ചേരുകയും 2020ലെ ഡൽഹി തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്‌തിരുന്നു.
മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാന്റെ മകളും കോൺഗ്രസ് കൗൺസിലറുമായ അരിബ ഖാൻ ഓഖ്‌ലയിൽ മത്സരിക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. കിരാരിയിൽ നിന്ന് കൗൺസിലർ രാജേഷ് കുമാർ ഗുപ്‌ത മത്സരിക്കും. രണ്ട് തവണ മുൻ കോൺഗ്രസ് എംഎൽഎയായ ഭീഷം ശർമ ഘോണ്ടയിൽ നിന്നും മുൻ കോൺഗ്രസ് എംഎൽഎ കുൻവർ കരൺ സിംഗ് മോഡൽ ടൗണിൽ നിന്നും ജനവിധി തേടും.
അതേസമയം, ഇക്കുറി പതിവ് രീതികളിൽ നിന്ന് വ്യത്യസ്‌തമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി കോൺഗ്രസ് പാർട്ടി ഡൽഹിയിലെ പ്രധാന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലും സ്ഥാനാർത്ഥിയെ നിശ്ചയിക്കാതെ വൈകിയിരുന്ന പാർട്ടിയാണ് ഇത്തവണ എക്‌സ്പ്രസ് വേഗതയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
ഡൽഹി തിരിച്ചുപിടിക്കാനുള്ള തങ്ങളുടെ ശ്രമം വ്യക്തമാക്കി കൊണ്ടാണ് കോൺഗ്രസിന്റെ ഈ ഗംഭീര നീക്കം. കൂടാതെ മറ്റ് ചില നിർണായക രീതികൾക്കും അവർ തുടക്കമിട്ടിരുന്നു. അടുത്ത കാലത്തായി ശക്തരായ എതിർ സ്ഥാനാർത്ഥികൾക്ക് എതിരെ മത്സരിക്കാൻ പല കോൺഗ്രസ് നേതാക്കളും മടി കാണിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ഈ ചിത്രം പാടെ മാറ്റിക്കൊണ്ടാണ് പ്രഖ്യാപനങ്ങൾ എല്ലാം വന്നിരിക്കുന്നത്.












Click it and Unblock the Notifications