ലഡാക്കിലെ ലേയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
ശ്രീനഗർ: ലഡാക്കിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് ഭൂചലനം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചത്. വൈകുന്നേരം 5:38നാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലേയിൽ 10 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വിവിധ മേഖലകളിൽ നേരിയ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ ആദ്യഘട്ട വിവരങ്ങൾ വരുമ്പോൾ ആളപായമോ കാര്യമായ നാശ നഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല എന്നതാണ് ആശ്വാസകരം. നാഷണൽ സെന്റർ ഫോർ സീസ്മോളജി തന്നെയാണ് ഭൂചലനത്തിന്റെ വിവരം എക്‌സ് പോസ്‌റ്റിലൂടെ പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അവർ പങ്കുവച്ചിട്ടില്ല.

ലേയും ലഡാക്കും രാജ്യത്തെ സീസ്‌മിക് സോൺ IVലാണ് സ്ഥിതി ചെയ്യുന്നത്, അതായത് ഭൂകമ്പ സാധ്യതയുടെ കാര്യത്തിൽ അവ വളരെ ഉയർന്ന അപകടസാധ്യതയിലാണ് ഉള്ളതെന്നാണ് ഇത് അർത്ഥമാക്കുന്നത്. ടെക്റ്റോണിക്കലായി സജീവമായ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ലേയും ലഡാക്കും ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ കൂടിയാണ്.
ഭൂകമ്പ സാധ്യത, മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങൾ, പ്രദേശത്തിന്റെ ടെക്റ്റോണിക് സജ്ജീകരണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്. അതിൽ കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉള്ളയിടമാണ് ലഡാക്ക്.
ചെറിയ രീതിയിലുള്ള പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നാണ് ലേ നിവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. എങ്കിലും ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായി പലരും കെട്ടിടങ്ങൾ ഉപേക്ഷിച്ചു പുറത്തിറങ്ങി. സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചനമാണ് മേഖലയിൽ അനുഭവപ്പെട്ടതെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞയാഴ്‌ച മ്യാൻമർ-തായ്‌ലൻഡ് അതിർത്തി മേഖലയിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ലേയിലെ ഭൂകമ്പ വാർത്ത വരുന്നത്. ഇത് ഹിമാലയൻ മേഖലയുടെ ഭൂകമ്പ സാധ്യതയെക്കുറിച്ച് ആശങ്ക വർധിപ്പിക്കുകയാണ്. മ്യാൻമർ ഭൂകമ്പത്തിൽ 2700ലധികം പേർക്കാണ് ജീവൻ നഷ്‌ടമായത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടവും ഉണ്ടായിരുന്നു.
അതേസമയം, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ മെച്ചപ്പെട്ട ദുരന്ത തയ്യാറെടുപ്പും കർശനമായ കെട്ടിട നിർമ്മാണ ചട്ടങ്ങളും വേണമെന്നാണ് ഈ സംഭവങ്ങൾ അടിവരയിടുന്നത്. ഹിമാലയൻ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജന അവബോധവും അടിസ്ഥാന സൗകര്യ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.












Click it and Unblock the Notifications