രാഹുലിനും സോണിയക്കും ഒരേ ഉത്തരം, ഇഡി കണ്‍ഫ്യൂഷനില്‍, ചര്‍ച്ചയായി മോത്തിലാല്‍ വോറ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇഡി തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്ന് മൂന്നാമത്തെ ദിവസമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സോണിയ പതറിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സോണിയയും രാഹുല്‍ ഗാന്ധിയും നല്‍കുന്ന ഉത്തരത്തില്‍ സാമ്യതകള്‍ ഒരുപാടുണ്ട്.

ഒരേ ഉത്തരമാണ് നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധിയെയും ഇതേ പോലെ ചോദ്യം ചെയ്തപ്പോള്‍ സാമ്പത്തികമായ വിഷയങ്ങളില്‍ നാഷണല്‍ ഹെറാള്‍ഡില്‍ താന്‍ ഇടപെട്ടില്ലെന്നാണ് രാഹുല്‍ ഇഡിയെ അറിയിച്ചത്.
ആദ്യത്തെ രണ്ട് ദിവസം ചോദ്യം ചെയ്തപ്പോള്‍ അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദിച്ചത്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും ചോദിച്ചു. തനിക്ക് ഈ കമ്പനികളെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്നാണ് അറിയിച്ചത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയാണ് നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്നാണ് സോണിയ അറിയിച്ചത്. വോറ 2020ലാണ് മരിച്ചത്. കോണ്‍ഗ്രസിന്റെ ട്രഷറര്‍ പദവി ദീര്‍ഘകാലം വഹിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.
അതേസമയം രാഹുല്‍ ഗാന്ധിയും ഇതേ ഉത്തരങ്ങളാണ് നല്‍കിയത്. മോത്തിലാല്‍ വോറയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നതെന്നാണ് രാഹുലും പറഞ്ഞത്. ഇതോടെ വീണ്ടും മോത്തിലാല്‍ വോറയുടെ പേര് ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പിതാവിന് ഇതുമായി ബന്ധമില്ലെന്ന് നേരത്തെ വോറയുടെ മകന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും പവന്‍കുമാര്‍ ബന്‍സലുമാണ് ആദ്യം വോറയുടെ പേര് പറഞ്ഞത്. യങ് ഇന്ത്യ എന്നത് ലാഭത്തിന് വേണ്ടിയുള്ള കമ്പനി അല്ലെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതാണ്. കമ്പനി ആക്ടിലെ പ്രത്യേക നിയമപ്രകാരമാണ് ആ കമ്പനി ഉണ്ടാക്കിയത്. അതില്‍ നിന്ന് ഒരൊറ്റ രൂപ പോലും താന്‍ എടുത്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
സോണിയാ ഗാന്ധിയെ രണ്ട് ദിവസം എട്ട് മണിക്കൂറില്‍ അധികമാണ് ചോദ്യം ചെയ്തത്. തനിക്ക് സാമ്പത്തിക ലാഭം ഒന്നും യങ് ഇന്ത്യനിലൂടെ ഉണ്ടായിട്ടില്ലെന്നാണ് സോണിയയും അറിയിച്ചത്. രാഹുലിനെ മൊത്തം അന്‍പത് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി പറഞ്ഞത്.
ഇതേ തുടര്‍ന്നാണ് രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്തത്. എന്നാല്‍ ഇതുവരെ ശക്തമായ തെളിവുകളൊന്നും ഇരുവര്‍ക്കുമെതിരെ ഇഡിക്ക് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധത്തിലാണ്. ഇഡിയുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.












Click it and Unblock the Notifications