64.2 കോടി വോട്ടര്‍മാരെത്തി, കശ്മീരില്‍ റെക്കോര്‍ഡ് പോളിംഗ്; നേട്ടങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തലേന്ന് നിര്‍ണായകമായ വാര്‍ത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഫലം വരുന്നതിന് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഇസി വാര്‍ത്താസമ്മേളനം വിളിച്ചത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകറെക്കോര്‍ഡാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. 64.2 കോടി വോട്ടര്‍മാരാണ് ഇത്തവണ പോളിംഗ് ബൂത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 31.2 കോടി സ്ത്രീകളാണ് ഈ വോട്ടര്‍മാരില്‍ ഉണ്ടായിരുന്നത്. കൂടുതലായി മുതിര്‍ന്നവരും, പ്രായമായവരും, സ്ത്രീ വോട്ടര്‍മാരുമാണ് പോളിംഗ് ബൂത്തിലെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഇന്ത്യയിലെ 64.2 കോടി വോട്ടര്‍മാരെന്നതിന് ജി7 രാഷ്ട്രങ്ങളിലെ വോട്ടര്‍മാരേക്കാള്‍ ഒന്നര മടങ്ങ് അധികമാണ്.
യൂറോപ്പിലെ 27 രാഷ്ട്രങ്ങളിലെ വോട്ടര്‍മാരേക്കാള്‍ 2.5 മടങ്ങ് കൂടുതലുമാണിത്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ടാക്കി. 85 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ സംവിധാനം കൊണ്ടുവന്നത്. പ്രായമായ വോട്ടര്‍മാരുടെ വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കിയത് ഇസിയുടെ വലിയ നേട്ടമാണെന്നും രാജീവ് കുമാര്‍ അവകാശപ്പെട്ടു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീണര്‍മാരെ കാണാനില്ല എന്ന സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ക്കും രാജീവ് കുമാര്‍ മറുപടി. ഞങ്ങള്‍ എന്തുകാര്യത്തിനും എപ്പോഴുമുണ്ടായിരുന്നു. ഒരിക്കലും പിന്നണിയിലേക്ക് പോയിട്ടില്ല. ഇനി ട്രോളുകള്‍ പറയുക, കാണാതായ മാന്യന്മാര്‍ തിരിച്ചുവന്നുവെന്നായിരിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
68000 നിരീക്ഷണ ടീമുകള്‍, ഒന്നര കോടി പോളിംഗ്-സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനുണ്ടായിരുന്നു. നാല് ലക്ഷം വാഹനങ്ങള്‍, 135 പ്രത്യേക ട്രെയിയനുകള്‍, 1692 എയര്‍ സോര്‍ട്ടികള്‍ എന്നിവ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തവണ 39 റീപ്പോളുകള്‍ മാത്രമാണ് നടന്നത്. 2019ല്‍ ഇത് 540 റീപ്പോളുകള്‍ ആയിരുന്നുവെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം ജമ്മു കശ്മീരില്‍ ഇത്തവണ നാല് ദശാബ്ദങ്ങള്‍ക്കിടെയുള്ള റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 58.58 ആയിരുന്നു പോളിംഗ് ശതമാനം. പതിനായിരം കോടിയുടെ പണം, സൗജന്യങ്ങള്‍, മരുന്നുകള്‍, മദ്യം, എന്നിവ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 2019ല്‍ 3500 കോടി വില വരുന്ന കാര്യങ്ങളായിരുന്നു ആകെ പിടിച്ചെടുത്തിരുന്നതെന്നും രാജീവ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications