സോണിയ ഗാന്ധി നാളെ ഇഡിക്ക് മുമ്പില്‍; പ്രതിഷേധം ആളിക്കത്തിക്കാൻ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ 12 മണിയോടെ സോണിയ ഇഡിക്ക് മുമ്പില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകമെന്ന് സോണിയ അറിയിക്കുകയായിരുന്നു.
നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന്
ശ്വാസകോശ പ്രശ്നങ്ങള്‍ കാരണം ജൂൺ 23 ന് ഹാജരാകാൻ ഇ.ഡി നൽകിയ നോട്ടീസിലെ ആവശ്യവും മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു.അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുകയും ജൂലൈ 23 ന് ഹാജരാകാൻ അവശ്യപ്പെടുകയുമായിരുന്നു.

സോണിയ ഗാന്ധിയുടെ മൊഴിയെടുത്ത ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്.
അതേസമയം ഇ.ഡി നടപടിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഒരുക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. നടപടിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണവും കോൺഗ്രസ് തേടിയിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും. വിഷയം പ്രതിപക്ഷം പാര്‍ലമെന്‍റിലും ഉന്നയിക്കാനാണ് തീരുമാനം.രാജ്യമൊട്ടാകെ പ്രതിഷേധിച്ച് അറസ്റ്റ് വരിക്കാനാണ് ആലോചന. പാർലമെന്റിലെ പ്രതിഷേധത്തിന് സിപിഐഎം ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റായാൽ നമ്മൾ പോസിൽ പിടിക്കും... സൂപ്പർ ഗ്ലാമറാസായി അമേയ മാത്യു












Click it and Unblock the Notifications