യുപിയില്‍ എസ്പിക്ക് കുതിപ്പ്, ബിജെപിയുടെ സീറ്റ് കുറയും, കോണ്‍ഗ്രസ് നേട്ടം ഇങ്ങനെ, എബിപി സര്‍വേ
ദില്ലി: ഉത്തര്‍പ്രദേശില്‍ പോരാട്ടം കടുക്കുമെങ്കിലും ബിജെപിക്ക് ഭീഷണിയില്ലെന്ന് എബിപി സീ വോട്ടര്‍ സര്‍വേ. ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി വന്‍ മുന്നേറ്റം ഇത്തവണ നടത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലെ യുപിയിലും കുറയുമെന്നാണ് സര്‍വേ പറയുന്നത്.

മായാവതിയുടെ ബിഎസ്പിയുടെ വന്‍ വീഴ്ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും സര്‍വേ പറയുന്നു. ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാണ് യുപിയില്‍ നിന്നുള്ളത്. അതുകൊണ്ട് എല്ലാവര്‍ക്കും ഈ ഫലം നിര്‍ണായകമാണ്.

ബിജെപിയാണ് യുപിയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്ന് എബിപി സി വോട്ടര്‍ സര്‍വേയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സീറ്റ് കുറഞ്ഞ് വരുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി കരുത്ത് വര്‍ധിപ്പിച്ചതാണ് വലിയ ഭീഷണിയാവുന്നത്. ബിജെപി ഇത്തവണ 213 മുതല്‍ 221 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 2017 312 സീറ്റാണ് ബിജെപി നേടിയത്. എന്‍ഡിഎ നേടിയത് 325 സീറ്റുകളും. 2012നെ അപേക്ഷിച്ച് 265 സീറ്റായിരുന്നു ബിജെപിക്ക് വര്‍ധിച്ചത്. ഇത്തവണ അതില്‍ നിന്ന് നൂറ് സീറ്റുകളോളം കുറയുമെന്നാണ് എബിപി സര്‍വേ പറയുന്നത്. സെപ്റ്റംബറില്‍ നടന്ന സര്‍വേയില്‍ 267 വരെ സീറ്റുകളും ഒക്ടോബറില്‍ 249 സീറ്റുകളും ബിജെപിക്ക് നേടാനാവുമെന്ന് സര്‍വേയില്‍ ഉണ്ടായിരുന്നു.

ആ സീറ്റ് നിലയാണ് ഇപ്പോള്‍ കുറഞ്ഞ് വരുന്നത്. ബിജെപിയുമായുള്ള സീറ്റ് നില കുറച്ച് വരികയാണ് സമാജ് വാദി പാര്‍ട്ടി. എസ്പി 152 മുതല്‍ 160 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 2017ലെ വെറും 48 സീറ്റില്‍ ഒതുങ്ങിയിരുന്നു അഖിലേഷ് യാദവിന്റെ പാര്‍ട്ടി. സെപ്റ്റംബറില്‍ 117 സീറ്റ് വരെ എസ്പി നേടുമെന്നായിരുന്നു പ്രവചനം. അത് ഒക്ടോബറില്‍ 138 സീറ്റ് വരെയായി ഉയര്‍ന്നു. അവിടെ നിന്നാണ് 160 സീറ്റിലെത്തിയത്. ഇനി ആറ് മാസത്തോളം തിരഞ്ഞെടുപ്പിനുണ്ട്. എങ്ങോട്ട് വേണമെങ്കിലും മാറി മറിയാവുന്നതാണ് ഫലം. അതേസമയം മത്സരം സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും തമ്മിലാണെന്ന് സര്‍വേ ഫലത്തിലൂടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം ബിഎസ്പി ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. ബിഎസ്പി പരമാവധി 20 സീറ്റ് വരെയാണ് നേടുമെന്ന് പറയുന്നത്. കഴിഞ്ഞ തവണ 19 സീറ്റ് മാത്രമാണ് മായാവതിയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. സെപ്റ്റംബറില്‍ 16 സീറ്റും ഒക്ടോബറില്‍ 19 സീറ്റും വരെ ബിഎസ്പി നേടുമെന്നായിരുന്നു നേരത്തെ എബിപി സര്‍വേ പ്രവചിച്ചത്. എന്നാല്‍ ഇപ്പോഴും അതില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് കുറച്ച് മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണ ഏഴ് സീറ്റ് കിട്ടിയ കോണ്‍ഗ്രസ് ഇത്തവണ പത്ത് സീറ്റാക്കി ഉയര്‍ത്തുമെന്നാണ് പ്രവചനം. സംഘടന അടക്കം ദുര്‍ബലമായി കിടക്കുന്ന കോണ്‍ഗ്രസിന് ഇത് നേട്ടമാണ്.

പ്രിയങ്ക ഗാന്ധിയുടെ യുപി ഇളക്കി മറിച്ചിട്ടും തരംഗമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ബിജെപി വിചാരിച്ചത് പോലെ കോണ്‍ഗ്രസ് എസ്പി വോട്ടിനെ ഭിന്നിപ്പിക്കാനും പോകുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ലഖിംപൂര്‍ ഖേരിയടക്കം കോണ്‍ഗ്രസിന് ചെറിയ നേട്ടം ലഭിക്കുന്നുണ്ട്. സഖ്യത്തില്‍ മത്സരിച്ചതിനേക്കാള്‍ നേട്ടമാകുമിത്. പ്രിയങ്ക ഗാന്ധിക്ക് പക്ഷേ നേട്ടമുണ്ടെന്ന് പറയാനാവില്ല. രണ്ട് വര്‍ഷത്തോളമായി അവര്‍ യുപിയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 50 സീറ്റിലേക്ക് പോലും കോണ്‍ഗ്രസിനെ എത്തിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കില്ലെന്നാണ് സര്‍വേ പറയുന്നത്.

വോട്ട് ശതമാനത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. 40.7 ശതമാനം വോട്ട് ഇത്തവണ ബിജെപി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2017ല്‍ 41.4 ശതമാനം വോട്ടാണ് ബിജെപി നേടിയത്. അതില്‍ വലിയ ഇടിവ് വന്നിട്ടില്ല. അതേസമയം ബിഎസ്പിയുടെ ഇടിവ് എസ്പിക്ക് നേടമാകുന്നുണ്ട്. 31.1 ശതമാനം വോട്ട് എസ്പി നേടുമെന്നാണ് പ്രവചനം. എസ്പിക്ക് 2017ല്‍ 23.6 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ബിഎസ്പി 15.1 ശതമാനം വോട്ടിലൊതുങ്ങും. കഴിഞ്ഞ തവണ 22.2 ശതമാനമായിരുന്നു. കോണ്‍ഗ്രസും വോട്ട് ശതമാനം വര്‍ധിപ്പിക്കും. 8.9 ശതമാനമായിരിക്കും വോട്ട്. കഴിഞ്ഞ തവണ 6.3 ശതമാനമായിരുന്നു.












Click it and Unblock the Notifications