ആ വാര്‍ത്ത വ്യാജം; അമര്‍ത്യാസെന്‍ ജീവനോടെയുണ്ടെന്ന് മകള്‍
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മകള്‍ നന്ദന സെന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നന്ദന ഇക്കാര്യം വ്യക്തമാക്കിയത്. പിതാവ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് നന്ദന സെന്‍ അറിയിച്ചു. നേരത്തെ നൊബേല്‍ സമ്മാന ജേതാവ് ക്ലോഡിയ ഗോള്‍ഡിന്‍ ആണ് അമര്‍ത്യാ സെന്‍ മരിച്ചു എന്ന വിവരം പങ്കു വെച്ചത്.
എന്നാല്‍ ഇത് തള്ളിക്കൊണ്ട് മകള്‍ നന്ദന രംഗത്തെത്തുകയായിരുന്നു. പിതാവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രവും എക്‌സില്‍ നന്ദന സെന്‍ പങ്കുവെച്ചു. 'സുഹൃത്തുക്കളേ, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാര്‍ത്തയാണ് ബാബ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ഞങ്ങള്‍ കേംബ്രിഡ്ജില്‍ കുടുംബത്തോടൊപ്പം ഒരാഴ്ച ചെലവഴിച്ചു. കഴിഞ്ഞ രാത്രിയാണ് ഞങ്ങള്‍ വിട പറഞ്ഞത്. അദ്ദേഹം ഹാര്‍വാര്‍ഡില്‍ ആഴ്ചയില്‍ 2 കോഴ്സുകള്‍ പഠിപ്പിക്കുന്നു, തന്റെ ജെന്‍ഡര്‍ ബുക്കില്‍ ജോലി ചെയ്യുന്നു. അദ്ദേഹം എപ്പോഴത്തെയും പോലെ തിരക്കിലാണ്,' നന്ദന സെന്‍ പറഞ്ഞു.

1933ല്‍ ബംഗാളിലെ ശാന്തിനികേതനില്‍ ആണ് അമര്‍ത്യാ സെന്‍ ജനിച്ചത്. ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലും വികസന സിദ്ധാന്തത്തിലും അദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കി. സോഷ്യല്‍ ചോയ്‌സ് സിദ്ധാന്തത്തെക്കുറിച്ചുള്ള അമര്‍ത്യാ സെന്നിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ തത്വശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. തത്വചിന്തകന്‍ എന്ന നിലയിലും അമര്‍ത്യാ സെന്നിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാത്തിയ അമര്‍ത്യാ സെന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജില്‍ നിന്നും എംഎയും പിഎച്ച്ഡിയും നേടി. ജാദവ്പൂര്‍, ദല്‍ഹി, ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സ്, ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാഡ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.












Click it and Unblock the Notifications