മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു, ഗാന്ധി കുടുംബത്തിന് വീണ്ടും തിരിച്ചടി
ദില്ലി: മുന്‍ നിയമ മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. അമ്പരപ്പിച്ച നീക്കമാണ് ഉണ്ടായിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് വ്യക്തിപരമായി ഉണ്ടായ തിരിച്ചടി കൂടിയാണിത്. കോണ്‍ഗ്രസിലെ പോപ്പുലര്‍ ഫിഗറായിരുന്നു അദ്ദേഹം. 37ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി അദ്ദേഹം നിയമിതനായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായും അശ്വനി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അശ്വനി കുമാര്‍. ഭോപ്പാല്‍ ദുരന്ത കേസ് അടക്കം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട് അശ്വനി കുമാര്‍.

വളരെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ എന്റെ അന്തസ്സ് കണക്കിലെടുത്ത് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് പുറത്ത് ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ തനിക്ക് സാധിക്കുമെന്നും അശ്വനി കുമാര്‍ പറഞ്ഞു. 46 വര്‍ഷത്തെ നീണ്ട ബന്ധത്തിന് ശേഷമാണ് താന്‍ പാര്‍ട്ടി വിടുന്നത്. തുടര്‍ന്നും ജനസേവനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു അശ്വിനി കുമാര്‍. 2011 ജൂലായില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം പെട്ടെന്നുള്ള അശ്വനി കുമാറിന്റെ രാജി നേതൃത്വത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്.
പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ഒതുക്കിയതില്‍ അതൃപ്തിയിലായിരുന്നു അശ്വനി കുമാര്‍. ഇതാണ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട പ്രമുഖരുടെ നിരയിലേക്കാണ് അദ്ദേഹവും എത്തുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ശേഷം പഞ്ചാബിലെ പ്രമുഖ രാജിയാണ് അശ്വനി കുമാറിന്റേത്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് കോണ്‍ഗ്രസില്‍ അശ്വനി കുമാര്‍ അറിയപ്പെടുന്നത്. ജി23 നേരത്തെ നേതൃത്വത്തിനെതിരെ സോണിയക്ക് കത്തയച്ചപ്പോള്‍ സോണിയയെ പിന്തുണച്ചവരിലൊരാളാണ് അശ്വനി കുമാര്‍. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലാണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications