ഗാലി ജനാർദ്ദന റെഡ്ഡിയുടെ പുതിയ പാർട്ടി ബിജെപിക്ക് പ്രതിസന്ധിയായേക്കും: കോണ്‍ഗ്രസിന് ചിരി
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പാർട്ടിയിലെ ശക്തനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത് നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി ജെ പിക്ക് ചില്ലറ പ്രതിസന്ധിയല്ല സൃഷ്ടിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ദേശീയ നേതൃത്വം വരെ ഇടുപെടുന്നതിനിടയിലാണ് ബി ജെ പിക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളിയും ഉയർന്ന് വന്നിരിക്കുന്നത്.
മുൻ ബി ജെ പി നേതാവും ഖനി വ്യവസായിയുമായ ഗാലി ജനാർദ്ദന റെഡ്ഡി സ്വന്തം പാർട്ടിയായ കല്യാണ രാജ്യ പ്രഗതി പക്ഷ (കെ ആർ പി പി) രൂപീകരിച്ചത് ബി ജെ പിക്ക് ചിലമണ്ഡലങ്ങളിലെങ്കിലും തിരിച്ചടി നല്‍കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ബി ജെ പിക്കെതിരെ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഗാലി ജനാർദ്ദന റെഡ്ഡി വ്യക്തമാക്കുന്നത്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ റെഡ്ഡി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. പ്രമുഖരായ മൂന്ന് റെഡ്ഡി സഹോദരന്മാരിൽ ഒരാളാണ് ഗലി ജനാർദ്ദന. ജി കരുണാകര, ജി സോമശേഖര എന്നിവരാണ് മറ്റ് രണ്ടുപേർ.

ഇരുമ്പയിര് ഖനനവും കയറ്റുമതിയും മുതൽ പല മേഖലകളിലും ബിസിനസുള്ള റെഡ്ഡിമാർ സ്വകാര്യ ഹെലികോപ്റ്റർക്ക് വരെ ഉടമകളാണ്. വലിയ ആരോപണങ്ങളും ഇവർക്കെതിരെ ഉയർന്ന് വന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ എല്ലാം തേഞ്ഞ് മാഞ്ഞ് പോവുന്നുവെന്ന ആരോപണവും ശക്തമാണ്. ബെല്ലാരിയിലും സമീപത്തുമുള്ള ജില്ലകളിലുമാണ് ഇവർക്ക് പ്രധാനമായും രാഷ്ട്രീയ സ്വാധീനമുള്ളത്.

2008ൽ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച യെദിയൂരപ്പയുടെ നേതൃത്വത്തിൽ റെഡ്ഡി സഹോദരന്മാർ ബിജെപി പ്രചാരണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അനധികൃത ഇരുമ്പയിര് ഖനന അഴിമതിയെ തുടർന്നാണ് ഇവർ ബിജെപിയുമായി അകന്നത്. പിന്നീട് ഇവരുടെ ഇടപെടലാണ് ബി ജെ പി സർക്കാറിനെ താഴെ ഇറക്കിയതെന്ന ആരോപണവും ശക്തമാണ്.
Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ

പാർട്ടിക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് പ്രസ്താവന 2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയിരുന്നു എന്നാണ് റെഡ്ഡി അവകാശപ്പെടുന്നത്. എന്നിരുന്നാലും, രണ്ട് ദിവസത്തിന് ശേഷം അന്നത്തെ പാർട്ടി അധ്യക്ഷനായ ഷാ റെഡ്ഡിയോട് അയൽ ജില്ലയായ ചിത്രദുർഗയിലെ മോൾകൽമുരുവിൽ തന്റെ സുഹൃത്ത് ശ്രീരാമുലുവിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ശ്രീരാമുലുവിന് വേണ്ടി (കർണ്ണാടകയിലെ ഗതാഗത, ആദിവാസി ക്ഷേമ മന്ത്രി) വിജയകരമായ പ്രചാരണം നടത്തിയതോടെ 2018 ലെ പൊതുതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയത്തിന് ശേഷം ഒരു ഭാരവാഹി സ്ഥാനം വാഗ്ദാനം ചെയ്യാമെന്ന് ഷാ തനിക്ക് വാഗ്ദാനം ചെയ്തതായും റെഡ്ഡി അവകാശപ്പെട്ടു. എന്നാല്‍ ഇതിന് പകരം അദ്ദേഹത്തിന്റെ വീട്ടിൽ സി ബി ഐ റെയിഡ് നടത്തുകയാണുണ്ടായതെന്നും റെഡ്ഡി ആരോപിക്കുന്നു.

കർണാടകയിലെ ബിജെപിയുടെ നേതൃത്വത്തിലും അതൃപ്തി പ്രകടിപ്പിച്ചാണ് റെഡ്ഡി പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വലിയ ആരാധകന്‍ കൂടിയാണ് റെഡ്ഡി. പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചപ്പോൾ കയ്പേറിയ അനുഭവമാണ് ഉണ്ടായതെന്നും ഇത് അദ്ദേഹത്തെ സ്വന്തം പാർട്ടി രൂപീകരിക്കുന്നതിിലേക്ക് എത്തിച്ചതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

അതൃപ്തരായ പല നേതാക്കളും റെഡ്ഡിക്കൊപ്പം ചേർന്നേക്കുമെന്നും സൂചനയുണ്ട്, ഇത് ബിജെപിയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളല്‍ വീഴ്ത്തിയേക്കും. 10 അസംബ്ലി സീറ്റുകളിൽ ശക്തമായ പിടിപാടുള്ള റെഡ്ഡിക്ക് ബല്ലാരി, വിജയനഗര, കൊപ്പൽ, റായ്ച്ചൂർ, യാദഗിരി, ബിദർ ജില്ലകളിൽ അനുയായികളുടെ ഒരു വലിയ നിരയുണ്ട്. ബി ജെ പിയിലെ ഈ പടല പിണക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.












Click it and Unblock the Notifications