സ്വർണം കുമിഞ്ഞ് കൂടി കിടക്കുന്നു; ഒന്നും രണ്ടുമല്ല, 7 ഇടങ്ങൾ 501.78 ദശലക്ഷം ടൺ..ഇന്ത്യയുടെ തലവര മാറ്റുമോ?
ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം വെറുമൊരു നിക്ഷേപം മാത്രമല്ല, അത് സമ്പൽസമൃദ്ധിയുടെയും പാരമ്പര്യത്തിൻ്റെയും അടയാളം കൂടിയാണ്. വിവാഹ ആഭരണങ്ങൾ മുതൽ ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് വരെ ആളുകൾ സ്വർണം ഉപയോഗിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പുരാതന ഭൂരൂപങ്ങളിൽ പോലും സ്വർണ നിക്ഷേപങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്.
നിലവിൽ ആഭ്യന്തര ആവശ്യത്തിനുള്ള സ്വർണം നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. തദ്ദേശീയമായി സ്വർണം ഉൽപ്പാദിപ്പിക്കുന്നതിലൂടെ മാത്രമേ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും നമ്മുക്ക് സാധിക്കൂ. അതിന് ഇന്ത്യയിൽ കുന്നോളം വരുന്ന സ്വർണ നിക്ഷേപങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തണം. അത്രയും സ്വർണമൊക്കെ നമ്മുടെ നാട്ടിലുണ്ടോയെന്നാണോ സംശയിക്കുന്നത്? സംശയിക്കേണ്ട കാര്യമില്ല, സ്വർണ നിക്ഷേപത്തിൽ ഇന്ത്യ അത്ര പിന്നിലൊന്നുമല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപങ്ങൾ ഉള്ള സംസ്ഥാനങ്ങളെ കുറിച്ച് വിശദമായി നോക്കാം.

7 സംസ്ഥാനങ്ങളിലാണ് പ്രധാനമായും സ്വർണ നിക്ഷേപങ്ങൾ ഉള്ളത്. ഇതിൽ ഏഴാം സ്ഥാനത്ത് വരുന്നത് ജാർഖണ്ഡ് ആണ്. കുണ്ടർക്കോച്ച മേഖലയിലാണ് നിക്ഷേപമുള്ളത്. ഏകദേശം 10.08 ദശലക്ഷം ടൺ സ്വർണ ശേഖരമാണ് ഇവിടെ ഉള്ളത്. ഒരു ടണ്ണിൽ 13.11 ഗ്രാം വരെ സ്വർണ്ണം ഇവിടെനിന്ന് ലഭിക്കുന്നെന്നാണ് കണക്കുകൾ. ഭിതാർ ദാരി, പഹാരിയ, പാരാസി തുടങ്ങിയ മറ്റ് സ്ഥലങ്ങളിലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) ഖനന സാധ്യതകൾ തേടുന്നുണ്ട്.
12 ദശലക്ഷം ടൺ സ്വർണ്ണ ശേഖരവുമായി പശ്ചിമ ബംഗാൾ ആറാം സ്ഥാനത്താണ്.. പുരുലിയ ജില്ലയിലെ സോണപട്ട ഗോൾഡ് ബെൽറ്റിലാണ് ഈ ശേഖരത്തിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. സുവർണ്ണരേഖ നദിയും അതിൻ്റെ പോഷകനദികളും ചേർന്ന ഈ എക്കൽ സമ്പുഷ്ടമായ പ്രദേശം, പരമ്പരാഗതമായി സ്വർണ്ണം അരിച്ചെടുക്കാൻ അനുയോജ്യമായ പ്ലേസർ നിക്ഷേപങ്ങളാൽ സമ്പന്നമാണ്. അങ്കുറോ ഗ്രാമത്തിന് ചുറ്റുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, ശക്തമായ സാധ്യതകളാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
13 ദശലക്ഷം ടൺ സ്വർണ്ണ ശേഖരവുമായി ഉത്തർപ്രദേശ് അഞ്ചാം സ്ഥാനത്തുണ്ട്. 13 ദശലക്ഷം ടൺ സ്വർണ്ണ അയിരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഭൂരിഭാഗവും സോൻഭദ്ര ജില്ലയിലാണ് കാണപ്പെടുന്നത്. ബീഹാർ അതിർത്തിക്കടുത്തുള്ള മഹോകോശൽ ബെൽറ്റിലാണ് ഈ ഖനി സ്ഥിതിചെയ്യുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ക്വാർട്സ് നിക്ഷേപങ്ങളുള്ള ഈ പ്രദേശത്ത് ഓരോ ടൺ അയിരിലും 3-5 ഗ്രാം വരെ സ്വർണ്ണം അടങ്ങിയിട്ടുണ്ട്. ഹർദീ, ജോഗാപൂർ തുടങ്ങിയ മേഖലകളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നടത്തിയ പര്യവേക്ഷണങ്ങൾ വലിയതോതിലുള്ള സ്വർണ്ണ ശേഖരം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏകദേശം 15 ദശലക്ഷം ടൺ സ്വർണ്ണവുമായി ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്താണ്. റായലസീമ മേഖലയിലെ രാംഗിരി നിക്ഷേപങ്ങളാണ് പ്രധാന ഉറവിടം. 103 ദശലക്ഷം ടൺ സ്വർണ്ണ ശേഖരവുമായി കർണാടക മൂന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് കർണാടക. കോലാർ, ധാർവാഡ്, ഹാസൻ, റായ്ച്ചൂർ ജില്ലകളിലാണ് കൂടുതൽ നിക്ഷേപം ഉള്ളത്.രാജസ്ഥാൻ 125.9 ദശലക്ഷം ടൺ സ്വർണ്ണ ശേഖരവുമായി രണ്ടാം സ്ഥാനത്താണ്. ബൻസ്വാര ജില്ലയിലെ ഭുകിയ-ജഗ്പുര സ്വർണ്ണ ബെൽറ്റിലാണ് ഇതിൻ്റെ വലിയൊരു ഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത്.
രാജ്യത്തിൻ്റെ മൊത്തം സ്വർണ്ണ ശേഖരത്തിൻ്റെ ഏകദേശം 44% വരുന്ന 222.8 ദശലക്ഷം ടൺ സ്വർണ്ണവുമായി ബിഹാറാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബിഹാറിലെ ജാമുയി ജില്ലയാണ് ഈ വലിയ കണ്ടെത്തലിൻ്റെ കേന്ദ്രം. ഈ പ്രദേശത്തെ ഖനന സാധ്യതകൾ ഭാവിയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.












Click it and Unblock the Notifications