ഹരിയാനയില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: വന്‍ തിരിച്ചുവരവ് നടത്തി ബിജെപി, ലീഡ് നില കേവല ഭൂരിപക്ഷത്തില്‍
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ആദ്യമായി ലീഡ് നേടി ബി ജെ പി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഹരിയാനയില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡ് നില 70 സീറ്റുകള്‍ക്ക് മുകളിലേക്ക് വരെ ഉയർന്നു. എന്നാല്‍ നിലവില്‍ ഹരിയാനയില്‍ ബി ജെ പി അതിശക്തമായ നിലയില്‍ തിരിച്ച് വന്നിരിക്കുകയാണ്.
ആകെ 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 44 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് നില 39 ലേക്ക് ഇടിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നുള്ള വിവര പ്രകാരവും ഹരിയാനയില്‍ ബി ജെ പിക്ക് മികച്ച മുന്‍തൂക്കമാണുള്ളത്.

38 സീറ്റില്‍ ബി ജെ പി മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. 31 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഐ എന്‍ എല്‍ ഡിയും മുന്നിട്ട് നില്‍ക്കുന്നതായും കമ്മീഷന്‍ വ്യക്തമാക്കുന്നു. റയ്ന മണ്ഡലത്തിലാണ് ഐ എന്‍ എല്‍ ഡിക്ക് ലീഡ് നേടാന്‍ സാധിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിട്ട് നില്‍ക്കുന്നു.
പത്ത് വർഷത്തിന് ശേഷം ഹരിയാനയില്‍ അധികാരത്തിലേക്ക് എത്താമെന്ന് പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ആദ്യ ഘട്ട ഫല സൂചനകളില്‍ മുന്‍തൂക്കം ലഭിച്ചതോടെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തിന് മുന്നിലും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വീടിന് മുന്നിലും വലിയ ആഹ്ളാദ പ്രകടനമായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയത്. എന്നാല്‍ ഫലം മാറി മറിഞ്ഞതോടെ പ്രവർത്തകരെല്ലാം ഇവിടെ നിന്നും പിന്‍വാങ്ങി.
പല മണ്ഡലങ്ങളിലും വിമതരും ചെറിയ കക്ഷികളും കോണ്‍ഗ്രസിന് തിരിച്ചടിയായി മാറുന്നുവെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്താക്കുന്നത്. മികച്ച പ്രകടനം പ്രതീക്ഷിച്ച പല മേഖലകളിലും കോണ്‍ഗ്രസ് പിന്നോട്ട് പോകുകയാണ് ചെയ്തത്. അതേസമയം മറുവശത്ത് ബി ജെ പി എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അടക്കം അസ്ഥാനത്താക്കിക്കൊണ്ടുള്ള പ്രകടനമാണ് നിലവില്‍ നടത്തുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന പല സർവ്വേകളും അഭിപ്രായപ്പെട്ടിരുന്നത് ബി ജെ പിയെ പിന്നിലാക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു.












Click it and Unblock the Notifications