'എന്തുകൊണ്ട് 16 കുട്ടികള്‍ ആയി കൂടാ'; ജനസംഖ്യാ വര്‍ധനവിന് ആഹ്വാനവുമായി സ്റ്റാലിനും
ചെന്നൈ: ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പിന്തുണയ്ക്കുന്ന പരാമര്‍ശമാണ് സ്റ്റാലിന്‍ നടത്തിയിരിക്കുന്നത്. കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജനസംഖ്യ കുറയുന്നതിനാല്‍ ലോക്‌സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ പരാമര്‍ശം നടത്തിയത്. ചെന്നൈയില്‍ സമൂഹ വിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മണ്ഡലങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തിലാണ് പരിഗണിക്കുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുറവായത് കൊണ്ട് ഈ നീക്കം ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്‌നാട്ടില്‍ ദമ്പതിമാരെ 16 തരം സമ്പത്തുണ്ടാകട്ടെയെന്ന് പറഞ്ഞ് മുതിര്‍ന്നവര്‍ അനുഗ്രഹിക്കാറുണ്ട്. കാലം പുരോഗമിക്കുമ്പോള്‍ നവദമ്പതികള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളുടെ സ്വഭാവവും മാറും. 16 തരത്തിലുള്ള സാമ്പാദ്യങ്ങളുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന ഒരുപാട് ഭൂമിയും പശുക്കളുമെല്ലാം ഉണ്ടാക്കട്ടെ എന്നതില്‍ നിന്ന് നല്ല കുഞ്ഞുങ്ങള്‍ ജനിക്കാനും, നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയട്ടെ എന്നായി. ഇന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് കുട്ടികളുടെ എണ്ണം നമ്മള്‍ കുറയ്ക്കണം എന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. എന്തുകൊണ്ട് 16 കുട്ടികളെ കുട്ടികളെ ജനിപ്പിച്ച് കൂടായെന്നും സ്റ്റാലിന്‍ ചോദിച്ചു.മുമ്പ് 16 കുട്ടികള്‍ ഉണ്ടാവുന്നത് നമ്മളാരും ചിന്തിച്ചിരുന്നില്ല. ഇന്ന് വലിയ കുടുംബത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
അതേസമയം കുട്ടികള്‍ക്ക് മനോഹരമായ തമിഴ് പേരുകള്‍ നല്‍കണമെന്നും സ്റ്റാലിന്‍ ദമ്പതിമാരോട് അഭ്യര്‍ഥിച്ചു. ലോക്‌സഭയിലെ സീറ്റുകള്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 543 സീറ്റില്‍ നിന്ന് 753 ആയി ഉയരും. ഇതില്‍ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലാണ് സീറ്റുകള്‍ വര്‍ധിക്കുക. 80 സീറ്റില്‍ നിന്ന് 126 ആയിട്ടാണ് വര്‍ധിക്കുക. 57.5 ശതമാനമാണ് ഇവിടെ വര്‍ധന.
കര്‍ണാടകയില്‍ വളരെ ചെറിയ വര്‍ധനവുണ്ടാവും. 28 സീറ്റില്‍ നിന്ന് 36 ആയിട്ടാണ് വര്‍ധിക്കുക. തമിഴ്‌നാടിലെ സീറ്റുകള്‍ 39ല്‍ നിന്ന് 41 ആയി ഉയരും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മൂന്ന് സീറ്റുകള്‍ വര്‍ധിക്കും. അതേസമയം കേരളത്തിന് ഒരു ലോക്‌സഭാ സീറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ജനസംഖ്യാ നിയന്ത്രണം അടക്കം കേരളത്തില്‍ വലിയ വേരോട്ടമുണ്ട്. ഇത് ചിലപ്പോള്‍ തിരിച്ചടിയായി മാറും.
543 സീറ്റുകള്‍ തന്നെ നിലനിര്‍ത്തുകയും, ബാക്കിയുള്ള സീറ്റുകള്‍ പുനര്‍ വിതരണം ചെയ്യാനും തീരുമാനിച്ചാല്‍ തമിഴ്‌നാടിനും കേരളത്തിനും എട്ട് സീറ്റുകള്‍ വരെ നഷ്ടപ്പെടും. യുപിക്ക് പതിനൊന്ന് സീറ്റും ബീഹാറിന് പത്ത് സീറ്റുകളും കൂടുതലായി ലഭിക്കും. പ്രതിപക്ഷ സംസ്ഥാനങ്ങളെയാണ് ഇവ കൂടുതലായി ബാധിക്കുകയെന്നാണ് വ്യാപക വിമര്‍ശനം.
ബിജെപിക്ക് മുമ്പ് വോട്ട് ചെയ്ത കര്‍ണാടകത്തിന് മാത്രമാണ് ഇതുകൊണ്ട് നേട്ടമുണ്ടാവുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. നേരത്തെ ഡിഎംകെ പുനര്‍ നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും, അതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചന്ദ്രബാബു നായിഡു ആന്ധ്രയിലെ ജനങ്ങളോട് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ കൂടുതലും പ്രായമായവരാണ് എന്നതാണ് നായിഡു ഇതിന് കാരണമായി ഉയര്‍ത്തുന്നത്. യുവ തലമുറയെയാണ് ആവശ്യമെന്നും അദ്ദേഹം പഞ്ഞു.












Click it and Unblock the Notifications