ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍, മിലിന്ദ് തെല്‍തുംബെ അടക്കം 26 മാവോവാദികള്‍ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പോലീസും മാവോവാദികളും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. 26 മാവോവാദികള്‍ സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊടുംകുറ്റവാളിയും മാവോയിസ്റ്റ് നേതാവുമായ മിലിന്ദ് തെല്‍തുംബെയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീമ കൊറേഗാവിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് തെല്‍തുംബെ. എന്‍ഐഎ കേസുമായി ബന്ധപ്പെട്ട് ഇയാളെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. പൂനെ പോലീസ് എല്‍ഗാര്‍ പരിഷത്ത് കേസിലും തെല്‍തുംബെയെ തിരയുന്നുണ്ട്.

മാവോവാദി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് തെല്‍തുംബെ. മണിക്കൂറുകളോളമാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം ഇത്രയധികം മാവോവാദികള്‍ കൊല്ലപ്പെട്ടത് സൈന്യത്തിന് വന്‍ നേട്ടമാണ്. ഗഡ്ചിരോളി-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ ഗരപ്പട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സി60 കമാന്‍ഡോസും മഹാരാഷ്ട്ര പോലീസിലെ ഒരു ടീമുമാണ് മാവോവാദികളെ നേരിട്ടത്. അതേസമയം പരിക്കേറ്റ കമാന്‍ഡോകളെ നാഗ്പൂരിലേക്ക് കൊണ്ടുപോയി. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് മഹാരാഷ്ട്ര പോലീസ് പറയുന്നു.
26 മാവോവാദികളുടെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തിയതായി ഡിഎസ്പി അങ്കിത് ഗോയല്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. എസ്പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം കൊല്ലപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. നാല് പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വിദഗ്ധ ചികഗിത്സയ്ക്കായിട്ടാണ് നാഗ്പൂരിലേക്ക് ഹെലികോപ്ടര്‍ മുഖേന കൊണ്ടുപോയത്.
നേരത്തെ ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ തെല്‍തുംബെ അടക്കമുള്ളവരുടെ പേര് ഉള്‍പ്പെടുത്തി കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ആനന്ദ് തെല്‍തുംബെയുടെ സഹോദരനാണ് മിലിന്ദ് തെല്‍തുംബെ. ഭീമ കൊറേഗാവ് ശൗര്യ ദിന പ്രേരണ അഭിയാന്റെ കണ്‍വീനര്‍മാരിലൊരാളായിരുന്നു മിലിന്ദ്. 2017 ഡിസംബര്‍ 31നായിരുന്നു ഇവര്‍ എല്‍ഗാര്‍ പരിഷത്ത് ചടങ്ങ് സംഘടിപ്പിച്ചത്. ഇവര്‍ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും, വലിയ യുദ്ധത്തിനായിരുന്നു ശ്രമമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മിലിന്ദ് തെല്‍തുംബെയുടെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരുന്നു സര്‍ക്കാര്‍.












Click it and Unblock the Notifications