ഹിന്ദി ഭാഷാ മാസാചരണത്തില്‍ വിവാദം; ഗവര്‍ണറെ തിരിച്ചുവിളിക്കണം, തമിഴിനെ അപമാനിച്ചുവെന്ന് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ മാസാചരണത്തില്‍ വിവാദം. ഗവര്‍ണര്‍ ആര്‍എന്‍ രവി തമിഴ്‌നാടിനെയും തമിഴ് ഭാഷയെയും അപമാനിച്ചുവെന്ന് ഡിഎംകെ ആരോപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനം ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന ഗാനമായ തമിഴ് തായ് മൊഴി ആലപിച്ചില്ല. ദ്രാവിഡ് നാട് എന്ന വരി ഒഴിവാക്കിയെന്നുമാണ് ആരോപണം.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെടുകയും ചെയ്തു. ചെന്നൈ ദൂരദര്‍ശനാണ് ഹിന്ദി ഭാഷാ മാസാചരണം സംഘടിപ്പിച്ചത്. ഹിന്ദി ഭാഷാ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു ഗവര്‍ണര്‍ സംസാരിച്ചത്. ഇതാണ് വിമര്‍ശങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഹിന്ദിക്കെതിരായ വിമര്‍ശനം അനാവശ്യമാണ്. തമിഴ്‌നാട്ടില്‍ ഹിന്ദി പഠിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ താല്‍പര്യം വളര്‍ന്നുവരുന്നുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിച്ചാണിച്ചു. കന്നഡ ദിവസ്, മലയാളം ദിവസ്, തെലുങ്ക് ദിവസ്, എന്നിവ ആഘോഷിച്ചാല്‍ ഇവിടെ ചില ആളുകള്‍ അതില്‍ പ്രതിഷേധിക്കുമെന്നും ആര്‍എന്‍ രവി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ മൂക്കും മൂലയും വരെ ഞാന്‍ സന്ദര്‍ശിച്ചു. നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദി പഠിക്കാനുള്ള താല്‍പര്യം വര്‍ധിച്ച് വരുന്നുവെന്ന് കാണാന്‍ സാധിച്ചുവെന്നും ഗവര്‍ണര്‍ ആര്‍എന്‍ രവി പറഞ്ഞു.
അതേസമയം ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണിത്. പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തരുത്. അങ്ങനെ നടത്തുന്നുണ്ടെങ്കില്‍ അത് പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം ചടങ്ങില്‍ ഹിന്ദിയിലായിരുന്നു ഗവര്‍ണറുടെ സ്വാഗത പ്രസംഗം. തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ തന്നേക്കാള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെയുടെ വിദ്യാര്‍ത്ഥി സംഘടനയും രംഗത്തെത്തി. ഗവര്‍ണര്‍ ഗോബാക്ക് വിളികളും പ്രതിഷേധത്തില്‍ ഉയര്‍ന്നു.
തമിഴ്‌നാടിനെ ഇന്ത്യയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ നിന്ന് സംസ്‌കൃതം ഒഴിവാക്കിയത് അടക്കം ഗവര്‍ണര്‍ ഉന്നയിച്ചു. അതേസമയം ഭരണഘടന ഒരു ഭാഷയെയും ദേശീയ ഭാഷയായി പറയുന്നില്ലെന്ന് സ്റ്റാലിന്‍ ഓര്‍മപ്പെടുത്തി. തമിഴ് തായ് പ്രാര്‍ത്ഥനാ ഗാനത്തില്‍ നിന്ന് ദ്രാവിഡന്‍ എന്ന വാക്ക് മാറ്റിയതിനെ സ്റ്റാലിന്‍ അപപലിച്ചു.
സംസ്ഥാന നിയമത്തെ തന്നെ ലംഘിക്കുന്നതാണിത്. ഔദ്യോഗിക പരിപാടികളുടെ ആരംഭത്തില്‍ ഇവ ചൊല്ലാറുണ്ട്. ദ്രാവിഡന്‍ എന്ന വാക്ക് ഉച്ചരിക്കാതെ തമിഴ് തായ് പാട്ട് ചൊല്ലുന്നത് തമിഴ്‌നാട്ടിലെ നിയമങ്ങള്‍ക്ക് എതിരെയാണ്. നിയമങ്ങളെ അനുസരിക്കാതെ പ്രവര്‍ത്തിക്കുന്നയാള്‍ ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം തമിഴ് തായ് വാഴ്ത്തിനോട് അനാവരവ് കാണിച്ചിട്ടില്ലെന്ന് ദൂരദര്‍ശന്‍ പറഞ്ഞു. പ്രാര്‍ത്ഥനാ ഗാനത്തിലെ ഒരു വാക്ക് വിട്ടുപോയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications