തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യമോ? വിജയ്‌യുമായി ചർച്ച, ഡിഎംകെയെ മെരുക്കാനെന്ന് ഒരു വിഭാഗം
ചെന്നൈ: കോൺഗ്രസ് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള സഖ്യം തുടരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ട് അധികനാൾ ആയിട്ടില്ല. എന്നാൽ ഇത്തരമൊരു സാഹചര്യം നിലനിൽക്കെ പ്രമുഖ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയും നടൻ വിജയിയും തമ്മിലുള്ള കൂടിക്കാഴ്‌ച തമിഴ്‌നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്‌റ്റാലിനുമായി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ഗിരീഷ് ചോടങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനൽ പ്രാഥമിക സഖ്യചർച്ചകൾ നടത്തിയതിന് 48 മണിക്കൂറിനുള്ളിലാണ് പ്രവീൺ-വിജയ് ചർച്ച നടന്നിരിക്കുന്നത്.

പ്രൊഫഷണൽ കോൺഗ്രസ്, പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം എന്നിവയുടെ തലവനായ പ്രവീൺ ചക്രവർത്തി, വെള്ളിയാഴ്‌ച ചെന്നൈയിലെ വിജയുടെ ഓഫീസിൽ വെച്ച് അദ്ദേഹത്തെ കണ്ടതായി Tറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്‌ചയുടെ ഉദ്ദേശ്യം അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയില്ല.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചക്രവർത്തിക്ക് നേരിട്ട് ബന്ധമുണ്ടെന്നും, ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെ കൂടിക്കാഴ്‌ച നടക്കില്ലെന്നും ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ ടിവികെയുടെ ഭാവിയെ കുറിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ ഇതിന് മറ്റൊരു മാനം നൽകുന്നവരുമുണ്ട്. 'ഡിഎംകെ സഖ്യത്തിൽ പാർട്ടിയുടെ വിലപേശൽ ശേഷി, സീറ്റ് പങ്കാളിത്തം, മന്ത്രിസഭാ സ്ഥാനങ്ങൾ എന്നിവ വർധിപ്പിക്കുന്നത് ഉൾപ്പെടെ ബദൽ രാഷ്ട്രീയ സാധ്യതകൾ ആരായാനുള്ള നേതൃത്വത്തിന്റെ താൽപര്യത്തെയാണ് കൂടിക്കാഴ്‌ച സൂചിപ്പിക്കുന്നത്. വിജയ് തന്റെ ഭാവി സഖ്യകക്ഷികൾക്ക് ഇതിനകം പരസ്യമായി ഉറപ്പുനൽകിയവയാണിവ; എന്നാണ് ഒരു മുതിർന്ന നേതാവ് പറയുന്നത്.
നിലവിലെ സവിശേഷ സാഹചര്യത്തിൽ സഖ്യകക്ഷികളുമായി അധികാരം പങ്കിടുമെന്നുള്ള വിജയുടെ പ്രഖ്യാപനം, ടിഎൻസിസിയിലെ ചില നേതാക്കളെയും, സിഎൽപി നേതാവ് എസ് രാജേഷ് കുമാറിനെപ്പോലുള്ളവരെയും ഡിഎംകെ സഖ്യത്തിൽ കൂടുതൽ സീറ്റുകളും സഖ്യസർക്കാരും ആവശ്യപ്പെടാൻ ഹൈക്കമാൻഡിനോട് നിർബന്ധിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
പലരും തങ്ങളുടെ ആവശ്യം എഐസിസിക്ക് മുന്നിൽ അവതരിപ്പിക്കാൻ ന്യൂഡൽഹിയിലേക്ക് തിരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെ ആണെങ്കിലും പ്രവീൺ ചക്രവർത്തി-വിജയ് കൂടിക്കാഴ്‌ചയിൽ നിന്ന് അകലം പാലിച്ച് അഭ്യൂഹങ്ങൾ പരമാവധി ഇല്ലാതാക്കാനാണ് തമിഴ്‌നാട് കോൺഗ്രസ് ശ്രമിക്കുന്നത്.
ഇത് ഡിഎംകെയ്ക്കുള്ള സന്ദേശമോ?
കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവീൺ ചക്രവർത്തിയുടെ വിജയുമായുള്ള കൂടിക്കാഴ്‌ച ഡിഎംകെയ്ക്കുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. ബദൽ സാഹചര്യങ്ങൾ മുൻപിൽ ഉള്ളപ്പോൾ ഡിഎംകെ സഖ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നും വിട്ടുവീഴ്‌ചകൾക്ക് തയ്യാറാവേണ്ടി വരുമെന്നുമുള്ള സൂചനയാണ് ഇതിലൂടെ നൽകുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. എങ്കിലും വേറെ ചില ആശങ്കകളും അവരിൽ ഉയരുന്നുണ്ട്.
എന്നാൽ ഹൈക്കമാൻഡ്, മറ്റ് ദേശീയ നേതാക്കൾ എന്നിവരിൽ നിന്ന് അനുമതി തേടാതെ തികച്ചും വ്യക്തിപരമായി നടത്തിയ കൂടിക്കാഴ്‌ചയാണ് പ്രവീണിന്റേത് എന്ന് മറ്റൊരു വിഭാഗം പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പ്രവീൺ ചക്രവർത്തി ടിവികെയിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. ചിലരാവട്ടെ സഖ്യ ചർച്ചകൾക്ക് ഇടയിൽ പ്രതികൂലമായി ഉണ്ടായ ഈ സംഭവത്തിൽ പ്രവീണിനെതിരെ കർശന നടപടി വേണമെന്നും ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.












Click it and Unblock the Notifications