യുഎസുമായി ഇടക്കാല വ്യാപാര കരാറിന് ഒരുങ്ങി ഇന്ത്യ; 26 ശതമാനം അധിക തീരുവയിൽ ഇളവ് തേടി, റിപ്പോർട്ട്
ന്യൂഡൽഹി: വരുന്ന ജൂലൈ 8ന് മുമ്പ് ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം അധിക തീരുവ ചുമത്തുന്നതിൽ നിന്ന് ഇന്ത്യയെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ ഏപ്രിൽ 2ന് യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ തീരുമാനം നടപ്പാക്കുന്നത് ജൂലൈ 9 വരെ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയുടെ സുപ്രധാന മേഖലകളെ സംരക്ഷിക്കാനുള്ള ശ്രമത്തിന് ചില ക്വാട്ട അല്ലെങ്കിൽ കുറഞ്ഞ ഇറക്കുമതി വില (എംഐപി) ആവശ്യമായി വന്നേക്കാമെന്ന് ഇതുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. അത്തരം മേഖലകളിൽ കാർഷിക ഉൽപ്പന്നങ്ങളും പാലുൽപ്പന്നങ്ങളും പ്രധാനമായും ഉൾപ്പെടുന്നു.

തീരുവ വിഷയത്തിൽ ഇന്ത്യ യുഎസ് ചർച്ചകൾ പുരോഗമിക്കുകയാണ്. വ്യാപാര ചർച്ചകൾക്ക് ഊർജം പകരാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ ആഴ്‌ച ആദ്യം വാഷിംഗ്‌ടണിൽ എത്തിയിരുന്നു. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തിരുന്നു.
'ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നു. ജൂലൈ 8ന് മുമ്പ്, അതായത് ആദ്യ ഘട്ടത്തിന് മുമ്പ് ഒരു ഇടക്കാല കരാർ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. 26 ശതമാനം അധിക തീരുവയും 10 ശതമാനം അടിസ്ഥാന തീരുവയും ഇന്ത്യയ്ക്ക് ഉണ്ടാകാതിരിക്കാൻ പരമാവധി ഞങ്ങൾ ശ്രമിക്കുന്നു' എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചത്.
നിലവിൽ, തീരുവകൾ താഴെയാക്കാൻ ട്രംപ് ഭരണകൂടത്തിന് യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ചുമത്തിയിരിക്കുന്ന മറു തീരുവകൾ നീക്കം ചെയ്യാൻ ട്രംപ് ഭരണകൂടത്തിന് അധികാരമുണ്ട്. ഇതിലാണ് ഇന്ത്യയും കണ്ണ് വയ്ക്കുന്നത്. അങ്ങനെ ഇളവ് കിട്ടിയാൽ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാകും.
മന്ത്രിതല യോഗങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളിലെയും മുഖ്യ ചർച്ചക്കാർ തമ്മിലുള്ള കൂടിക്കാഴ്‌ചകൾ മെയ് 22 വരെ തുടരും. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് 90 ദിവസത്തെ തീരുവ താൽക്കാലിക വിരാമ സമയം പ്രയോജനപ്പെടുത്താൻ ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഈ കാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ഒന്നര മാസം കൂടി മാത്രമാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഈ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ നിർണായകമായ ഒരു വികാസത്തെ പ്രതിനിധീകരിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാനുള്ള സാധ്യതയും ഇതിലൂടെ തുറക്കും.
2024-25ൽ, തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ പ്രാഥമിക വ്യാപാര പങ്കാളി എന്ന സ്ഥാനം അമേരിക്ക നിലനിർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യാപാര കണക്കുകൾ 131.84 ബില്യൺ ഡോളറിലെത്തി. ഈ കാലയളവിൽ ഇന്ത്യ 41.18 ബില്യൺ ഡോളറിന്റെ ചരക്ക് വ്യാപാര മിച്ചമാണ് നേടിയിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുമായുള്ള നിർദ്ദിഷ്‌ട കരാറിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്‌തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്‌റ്റിക്, രാസവസ്‌തുക്കൾ, ചെമ്മീൻ, എണ്ണക്കുരുക്കൾ, മുന്തിരി, വാഴപ്പഴം തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്ക് ഇന്ത്യ തീരുവ ഇളവുകൾ തേടുന്നുണ്ട്. ഇതിനായുള്ള തീവ്ര ശ്രമമാണ് ഇന്ത്യൻ പ്രതിനിധികൾ ചർച്ചകളിൽ നടത്തുന്നത്.












Click it and Unblock the Notifications