കങ്കണയുടെ 'എമർജൻസി'ക്കെതിരെ യുകെയിൽ പ്രതിഷേധം; പ്രതികരിച്ച് ഇന്ത്യ, 'അഭിപ്രായ സ്വാതന്ത്ര്യം ഇങ്ങനെയാവരുത്'
ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി'യുടെ പ്രദർശനം യുകെയിൽ വ്യാപകമായി തടഞ്ഞതും പ്രതിഷേധങ്ങൾ നടന്നതിലും പ്രതികരിച്ച് ഇന്ത്യ. ഖാലിസ്ഥാനി ഘടകങ്ങൾ ചിത്രത്തിന്റെ പ്രദർശനം തടസപ്പെടുത്തിയെന്ന റിപ്പോർട്ടുകളിൽ ഇന്ത്യ ആശങ്ക അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം ബാധകമാക്കരുത് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
സംഭവത്തിൽ ഉത്തരവാദികളായവർക്ക് എതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിക്കുകയും അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും ഭീഷണിയുടെയും വിഷയ ഇന്ത്യൻ സർക്കാർ നിരന്തരം ഉന്നയിക്കുകയാണെന്നും പറഞ്ഞത്.

'എമർജൻസി എന്ന സിനിമ എങ്ങനെ തടസപ്പെട്ടു എന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ നമ്മൾ കണ്ടതാണ്. അക്രമാസക്തമായ പ്രതിഷേധവും ഇന്ത്യാ വിരുദ്ധ ഘടകങ്ങളുടെ ഭീഷണിയും സംബന്ധിച്ച് ഞങ്ങൾ യുകെ സർക്കാരുമായി നിരന്തരം ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തിരഞ്ഞെടുത്ത കാര്യങ്ങളിൽ മാത്രം ബാധകമാക്കാൻ കഴിയില്ല' രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ഉത്തരവാദികളായവർക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കുമായി ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷൻ ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുമായി പതിവായി ആശയവിനിമയം നടത്തി വരുന്നുണ്ട്' ജയ്സ്വാൾ പറഞ്ഞു.
അതിനിടെ വിഷയം ബ്രിട്ടീഷ് പാർലമെന്റിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ചിത്രം കാണാൻ തിയേറ്ററുകളിലേക്ക് എത്തിയ വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ജനങ്ങളെ മുഖമൂടി ധരിച്ച ഖാലിസ്ഥാനി ഭീകരർ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ എംപിയായ ബ്രിട്ടീഷ് പാർലമെന്റ് അംഗം ബോബ് ബ്ലാക്ക്മാൻ ഹൗസ് ഓഫ് കോമൺസിൽ ആരോപിക്കുകയായിരുന്നു.
ഞായറാഴ്‌ച രാത്രി ഖാലിസ്ഥാൻ അനുകൂലികൾ മുഖംമൂടി ധരിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഹാരോ വ്യൂ സിനിമയിലേക്ക് ഇരച്ചുകയറിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ സ്‌ക്രീനിംഗ് നിർത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരായി. ബ്രിട്ടീഷ് സിഖ് ഗ്രൂപ്പുകളുടെ പ്രതിഷേധം ബർമിംഗ്ഹാം, വോൾവർഹാംപ്ടൺ, വെസ്‌റ്റ് ലണ്ടന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടാക്കിയത്.
സിഖ് വിരുദ്ധ അജണ്ട ചൂണ്ടിക്കാട്ടിയാണ് ചിത്രത്തെ ഖാലിസ്ഥാൻ വിഭാഗം എതിർക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് അഭിനയിക്കുന്ന ചിത്രം, 1975 മുതൽ 1977 വരെയുള്ള ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തെ പ്രധാന രാഷ്ട്രീയ സംഭവങ്ങളെ വരച്ചുകാട്ടുന്നതാണ്. എന്നാൽ വിവിധ ഇടങ്ങളിൽ നിന്ന് ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.












Click it and Unblock the Notifications