ബംഗ്ലാദേശിന്റെ ചൈനീസ് ചായ്‌വിന് ഇന്ത്യയുടെ മറുപടി; ധാക്കയിലേക്കുള്ള ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം നിർത്തി
ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ ഊട്ടിയുറപ്പിച്ചുകൊണ്ട് ബംഗ്ലാദേശിന്റെ കയറ്റുമതി ചരക്ക് ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം നിർത്തലാക്കി ഇന്ത്യ. തന്ത്രപരമായി പ്രധാനപ്പെട്ട വടക്കുകിഴക്കൻ ഇന്ത്യയുടെ മേഖലയിലേക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥ വ്യാപിപ്പിക്കണമെന്ന കാവൽ സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ വക തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ തീരുമാനം ബംഗ്ലാദേശിന്റെ വ്യാപാര മേഖലയെ കാര്യമായി തന്നെ ബാധിക്കും. ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നിവയുമായുള്ള ബംഗ്ലാദേശിന്റെ വ്യാപാരത്തെ ഇന്ത്യയുടെ നടപടി തടസ്സപ്പെടുത്തിയേക്കാം എന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (സിബിഐസി) കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ബംഗ്ലാദേശിൽ നിന്ന് മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകൾ ലാൻഡ് കസ്‌റ്റംസ് സ്‌റ്റേഷനുകൾ (എൽസിഎസ്) വഴി തുറമുഖങ്ങളിലേക്കോ വിമാനത്താവളങ്ങളിലേക്കോ കണ്ടെയ്‌നറുകളിലോ അടച്ച ബോഡി ട്രക്കുകളിലോ ട്രാൻസ്ഷിപ്പ് ചെയ്യുന്നത് സംബന്ധിച്ച 2020 ജൂൺ 29ന് പുറപ്പെടുവിച്ച മുൻ സർക്കുലർ റദ്ദാക്കിയതായി ഏറ്റവും പുതിയ സർക്കുലറിലൂടെ സിബിഐസി വ്യക്തമാക്കി.
ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതിക്ക് സുഗമമായ വ്യാപാര പ്രവാഹം സാധ്യമാക്കുന്നതിനായി, ഇന്ത്യൻ തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള വഴിയിൽ ഇന്ത്യൻ ലാൻഡ് കസ്‌റ്റംസ് സ്‌റ്റേഷനുകൾ പ്രയോജനപ്പെടുത്തി ബംഗ്ലാദേശിൽ നിന്ന് മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചരക്ക് ട്രാൻസ്ഷിപ്പ് ചെയ്യാൻ 2020ലെ സർക്കുലർ മുഖേന അനുമതി നൽകിയിരുന്നു.
ഇതാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കലാപകലുഷിത സംഭവ വികാസങ്ങൾക്ക് ഒടുവിൽ സർക്കാർ വീണപ്പോൾ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കാണ് പലായനം ചെയ്‌തത്. അവരെ വിട്ടുതരണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇതുവരെയും ഇന്ത്യ അംഗീകരിച്ചിട്ടില്ല.
കൂടാതെ ബംഗ്ലാദേശിൽ ഇടക്കാലത്ത് നടന്ന കലാപങ്ങളിൽ പതിവായി ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ പലതവണ ഇന്ത്യ എതിർപ്പ് വ്യക്തമാക്കിയിരുന്നു. ഇതൊക്കെയും ഇരു രാജ്യങ്ങൾക്കും ഇടയിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു. നയതന്ത്ര ബന്ധത്തതിൽ ഈ വിള്ളൽ തുടരുന്നതിനിടയിലാണ് ഇടക്കാല സർക്കാർ തലവൻ യൂനുസിന്റെ ചൈനീസ് ചായ്‌വ്.
മാർച്ച് 26 മുതൽ 29 വരെ നടന്ന നാല് ദിവസത്തെ ചൈന സന്ദർശന വേളയിലാണ് മുഹമ്മദ് യൂനുസ്, വടക്കുകിഴക്കൻ ഇന്ത്യ കരയാൽ ചുറ്റപ്പെട്ടതിനാൽ, ധാക്ക ഈ മുഴുവൻ പ്രദേശത്തിന്റെയും സമുദ്രത്തിന്റെ ഏക സംരക്ഷകനാണെന്ന് അഭിപ്രായപ്പെട്ടത്. ഇത് ഇന്ത്യയിൽ നിന്നും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്.












Click it and Unblock the Notifications