ഹേമന്ത് സോറന് എട്ടിന്റെ പണി; പത്രികയിലെ നിർദ്ദേശകൻ മണ്ഡൽ മുർമു ബിജെപിയിൽ, തിരിച്ചടി ഉറപ്പ്?
റാഞ്ചി: ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായി തുടരുന്നതിനിടെ ജെഎംഎമ്മിനും മുഖ്യമന്ത്രി ഹേമന്ത് സോറനും കനത്ത തിരിച്ചടി നൽകുന്ന നീക്കവുമായി ബിജെപി. സോറന്റെ അടുത്ത അനുയായിയും ബർഹൈത്ത് മണ്ഡലത്തിൽ ഹേമന്ത് സോറന്റെ നാമനിർദ്ദേശ പത്രികയിൽ നിർദേശകരിൽ ഒരാളുമായ മണ്ഡൽ മുർമു പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി.
തിങ്കളാഴ്‌ചയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന പ്രഖ്യാപനം ബിജെപി നടത്തിയത്.പ്രചാരണ പരിപാടികളുമായി ശക്തമായി മുന്നോട്ട് പോവുകയായിരുന്ന ജെഎംഎമ്മിനും ഹേമന്ത് സോറനും അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായി പ്രഖ്യാപനം മാറുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ഇരുവരും മണ്ഡൽ മുർമുവിന്റെ പാർട്ടി പ്രവേശന ചടങ്ങിൽ സന്നിഹിതരായിരുന്നു. സാന്താൾ പർഗാന മേഖലയിലെ വികസനത്തിനായി പ്രയത്നിക്കും എന്നായിരുന്നു മുർമു ചടങ്ങിന് ശേഷം പ്രതികരിച്ചത്. രാജ്യത്തെ ചരിത്ര ദിയോഘറിൽ വച്ചായിരുന്നു ഇന്നലെ മുർമുവിന്റെ ബിജെപി പ്രവേശന ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
1855-ലെ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയ സിഡോ-കാനുവിന്റെ പിന്മുറക്കാരിൽ ഒരാളാണ് മണ്ഡൽ മുർമു. അതുകൊണ്ട് തന്നെ മേഖലയിലെ വോട്ടുകൾ പെട്ടിയിലാക്കുന്നതിൽ മണ്ഡൽ മുർമുവിന് കാര്യമായ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. അതിൽ ഊന്നി തന്നേയായിരുന്നു നേതാക്കളുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ജാർഖണ്ഡ് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം സംസ്ഥാനത്തെ ആദിവാസി വിഭാഗം കടുത്ത അപകടത്തിലാണെന്നും അതുകൊണ്ടാണ് അത്തരം വിഭാഗങ്ങളിൽപെടുന്നവർ ബിജെപിയിലേക്ക് വരുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിലൂടെ വ്യക്തമാക്കി. മണ്ഡൽ മുർമുവിനെ കാവി ഷാൾ അണിയിക്കുന്ന ചിത്രവും അദ്ദേഹം എക്‌സിൽ പങ്കുവച്ചിരുന്നു.
മുർമുവിന്റെ കൂടുമാറ്റം ഹേമന്ത് സോറനെ ബാധിക്കുമോ?
സംസ്ഥാനത്തെ വലിയ വോട്ട് ബാങ്കായ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് മണ്ഡൽ മുർമു. മാത്രമല്ല ജെഎംഎം എക്കാലവും ആധിപത്യം പുലർത്തിയിരുന്ന സാന്താൾ പർഗാന മേഖലയിലാണ് അദ്ദേഹത്തിന് സ്വാധീനം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മണ്ഡൽ മുർമുവിന്റെ കൊഴിഞ്ഞുപോക്കും ബിജെപി പ്രവേശനവും ജെഎംഎമ്മിനെ തെല്ലൊന്നുമല്ല അലട്ടുന്നത്.
കഴിഞ്ഞ കുറച്ചധികം കാലങ്ങളായി മേഖലയിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഉൾപ്പെടെയാണ് ബിജെപി സർക്കാരിനെതിരെ ആയുധമാക്കുന്നത്. കൂടാതെ മേഖലയിലെ ആദിവാസി വിഭാഗത്തിന്റെ ജനസംഖ്യയിൽ ഉണ്ടായ ഗണ്യമായ ഇടിവും അവർ അഭിസബോധന ചെയ്യുന്നുണ്ട്. അതിന് പുറമേയാണ് മേഖലയിൽ സ്വാധീനമുള്ള ഒരു നേതാവിനെ കൂടി അവർ പാളയത്തിൽ എത്തിക്കുന്നത്.
ജാർഖണ്ഡിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ആകെ 81 നിയമസഭാ സീറ്റുകളാണ്. അതിൽ 41 സീറ്റുകൾ നേടുന്ന കക്ഷി ഭരിക്കും. നിലവിൽ ജെഎംഎമ്മും കോൺഗ്രസും നേതൃത്വം നൽകുന്ന സഖ്യമാണ് ഇവിടെ ഭരിക്കുന്നത്.
ദേശീയ തലത്തിൽ എന്ന പോലെ ഇന്ത്യ സഖ്യവും എൻഡിഎയും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന കാര്യം. ഇന്ത്യ മുന്നണിയിൽ ജെഎംഎം, കോൺഗ്രസ് എന്നിവർക്ക് പുറമേ ആർജെഡി, ഇടത് പാർട്ടികൾ എന്നിവരുമുണ്ട്. മറുവശത്ത് എൻഡിഎയിൽ ബിജെപിക്കൊപ്പം എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ പാർട്ടികളാണ് ഉള്ളത്.












Click it and Unblock the Notifications