ജാർഖണ്ഡിൽ കൈപൊള്ളി കോൺഗ്രസ്; ഒന്നിന് പുറകേ ഒന്നായി വിമതസ്വരം ഉയർത്തി നേതാക്കൾ, തിരിച്ചടിയാവുമോ?
റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾ ഇരു മുന്നണികളും തകൃതിയായി നടത്തി കൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യം നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ നടന്നിരുന്നു. പല നേതാക്കൾക്കും സീറ്റ് കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണമായത്.
എന്നാൽ ഒന്നാംഘട്ട വോട്ടെടുപ്പിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ വീണ്ടും കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടുതൽ നേതാക്കൾ ഒന്നിന് പുറകെ ഒന്നായി വിമത സ്വരം ഉയർത്തുന്നതാണ് പാർട്ടിയെ വലയ്ക്കുന്ന കാര്യം. ഒന്നും രണ്ടും പ്രാദേശിക നേതാക്കളല്ല, മറിച്ച് ഉന്നത പദവി വഹിക്കുന്നവർക്ക് ഇടയിൽ വരെ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട് സീറ്റ് വിഭജനം.

പാർട്ടിയുടെ മുൻ വർക്കിംഗ് പ്രസിഡന്റ് ആയ മനസ് സിൻഹ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. ഇതിന് പുറമെ മറ്റ് പല നേതാക്കളും ഇതേ പാത പിന്തുടർന്ന് കൊണ്ട് ജാർഖണ്ഡിൽ കോൺഗ്രസിന് വലിയ ഭീഷണി സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ ചില നേതാക്കൾ പാർട്ടി അംഗത്വം പോലും രാജിവയ്ക്കാതെ ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്നുണ്ട്.
നേതൃത്വം പല ചുമതലകൾ ഏൽപ്പിച്ച നേതാക്കളും സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം മൂലവും സീറ്റ് നിഷേധിച്ചതിലെ താൽപര്യകുറവ് കാരണവും കോൺഗ്രസ് വിടുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തെയാളാണ് മനസ് സിൻഹ. ഇന്ത്യ മുന്നണിക്ക് കീഴിൽ സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ ഒരുങ്ങുന്ന കോൺഗ്രസിന് ഈ വിമത നീക്കങ്ങൾ സൃഷ്‌ടിക്കുന്ന തലവേദന ചെറുതല്ല.
കഴിഞ്ഞ തവണ സീറ്റ് കിട്ടിയവരാണ് ഇത്തരത്തിൽ വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒന്നിലധികം മണ്ഡലങ്ങളിൽ ഇത്തരം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്. മുൻപ് വിഷുൻപൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശിവകുമാർ ഭഗത് ഇക്കുറി സ്വാതന്ത്രനായാണ് കളത്തിൽ ഇറങ്ങുന്നത്. വേറെയും മുൻനിര നേതാക്കൾ ഇതേ പാത പിന്തുടരുന്നുണ്ട്.
ലത്തേഹാർ ജില്ലാ പ്രസിഡന്റ് മുനേശ്വർ ഒറോൺ, റോഷൻ ബർവ, പുനീത് ഹെംബ്രാം, ജിതിൻ ടോപ്പോ എന്നിവരാണ് ഇത്തരത്തിൽ നീക്കങ്ങൾ നടത്തിയവർ. ഇവരിൽ ഭൂരിഭാഗം പേരും സഖ്യകക്ഷികളുടെ സീറ്റുകളിലാണ് ജനവിധി തേടുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് നേരിട്ട് വെല്ലുവിളിയാവുന്നില്ലെങ്കിലും സഖ്യത്തിന് ഇടയിൽ അതൊരു ഭിന്നതയ്ക്ക് കാരണമാവും എന്നതാണ് വലിയ കാര്യം.
അതേസമയം, ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക.












Click it and Unblock the Notifications