ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത് 64.86 ശതമാനം പോളിംഗ്, 2019ൽ നിന്നും ഉയർച്ച
റാഞ്ചി: രാജ്യം ഉറ്റുനോക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 64.86 ശതമാനം പോളിംഗ്. അന്തിമ കണക്കുകൾ വരാനിരിക്കെ ഇത് കഴിഞ്ഞ തവണത്തേക്കാൾ നേരിയ വർധനവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 63.9 ശതമാനം ആയിരുന്നു രേഖപ്പെടുത്തിയ പോളിംഗ് ശതമാനം. ഇക്കുറി ഇത് മറികടക്കുമെന്ന് വൈകീട്ടോടെ തന്നെ ഉറപ്പായിരുന്നു.
ആകെ 43 മണ്ഡലങ്ങളിലേക്കാണ് ജാർഖണ്ഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ലോഹർദാഗ: 73.21 ശതമാനം, ഹസാരിബാഗ്: 59.13 ശതമാനം, സെറൈകെല-ഖർസവൻ: 72.19 ശതമാനം, ഗുംല: 69.01 ശതമാനം,സിംഡെഗ: 68.66 ശതമാനം, ഖുന്തി: 68.36 ശതമാനം, ഗർവാ: 67.35 ശതമാനം, ലത്തേഹാർ: 67.16 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം. അതിൽ ലോഹർദർഗ തന്നെയാണ് പട്ടികയിൽ മുന്നിലുളത്.

അന്തിമ കണക്കുകൾ വരുമ്പോൾ ഉണ്ടായേക്കാം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മാവോയിസ്‌റ്റുകളുടെ ഭീഷണിയിലും ബഹിഷ്‌കരണ ആഹ്വാനത്തിലും തളരാതെ, ജാർഖണ്ഡിലെ നക്‌സൽ ബാധിത പ്രദേശങ്ങളിലെ വോട്ടർമാർ സധൈര്യം വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിൽ അണിനിരന്നു എന്നതാണ് ഇത്തവണത്തെ ശ്രദ്ധേയമായ കാര്യം.
മാവോയിസ്‌റ്റ് ബാധിത പ്രദേശങ്ങൾ ഉൾപ്പെടെ, വൻതോതിൽ ആദിവാസി ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും മികച്ച രീതിയിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. സംസ്ഥാനത്താകെ ഉത്സവപ്രതീതി നിലനിർത്തികൊണ്ടാണ് വോട്ടെടുപ്പ് നടന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്‌ച വൈകീട്ട് വ്യക്തമാക്കിയിരുന്നു.
ഒന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നവരിൽ മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ട്. ആദിവാസി വിഭാഗത്തിന് ആധിപത്യമുള്ള തെക്കൻ ചോട്ടനാഗ്‌പൂർ, വടക്കൻ പലാമു, കോൽഹാൻ പ്രദേശങ്ങളിലാണ് പ്രധാനമായും ഈ നിലനിൽക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടന്ന സീറ്റുകളിൽ 20 എണ്ണം പട്ടികവർഗക്കാർക്കും (എസ്‌ടി) ആറെണ്ണം പട്ടികജാതിക്കാർക്കും (എസ്‌സി) സംവരണം ചെയ്‌തതായിരുന്നു.
അതേസമയം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് നവംബർ 20നാണ്. തിരഞ്ഞെടുപ്പ് ഫലം നവംബർ 23നാണ് പുറത്തുവിടുക. സംസ്ഥാനത്ത് ആകെ 81 നിയമസഭാ സീറ്റുകളാണ് നിലവിലുള്ളത്. ഇതിൽ 43 എണ്ണത്തിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 38 സീറ്റുകൾ രണ്ടാം ഘട്ടത്തിൽ ജനവിധിതേടും.
സംസ്ഥാനത്ത് ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യം നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുക എന്നതാണ് ജെഎംഎം ലക്ഷ്യമിടുന്നത്. മറുവശത്ത് ഭരണം പിടിച്ചെടുക്കുകയാണ് എൻഡിഎയുടെ ശ്രമം.












Click it and Unblock the Notifications