സിദ്ധരാമയ്യയുടെ കോലാര്‍ മോഹം തകരുന്നു..? മണ്ഡലം മാറ്റാന്‍ രാഹുലിന്റെ നിര്‍ദേശം, പിന്നില്‍ ഡികെയുടെ തന്ത്രമോ

ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെ കോലാര്‍ മണ്ഡല മോഹങ്ങള്‍ക്ക് തിരിച്ചടി. സിദ്ധരാമയ്യയോട് കോലാറിന് പകരം വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത് എന്നാണ് സൂചന.
സിദ്ധരാമയ്യയ്ക്ക് കോലാര്‍ അനുയോജ്യമല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം. സിദ്ധരാമയ്യയുടെ ഓരോ മിനിറ്റും നീക്കവും പാര്‍ട്ടിക്ക് നിര്‍ണായകവും ആവശ്യവുമാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം സിദ്ധരാമയ്യ പാലിച്ചേക്കും എന്നും സംസ്ഥാന നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നുമാണ് പാര്‍ട്ടിയില്‍ നിന്നുള്ള വിവരം. 2018 ലെ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് നിയമസഭാ സീറ്റുകളില്‍ നിന്നായിരുന്നു സിദ്ധരാമയ്യ മത്സരിച്ചത്.

2018 ല്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെ ഡി എസ് സ്ഥാനാര്‍ഥി ജി ടി ദേവഗൗഡയോട് 36,000-ത്തിലധികം വോട്ടുകള്‍ക്ക് സിദ്ധരാമയ്യ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ബദാമി മണ്ഡലത്തില്‍ 1700 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പിയുടെ ബി ശ്രീരാമുലുവിനെ പരാജയപ്പെടുത്തിയതാണ് സിദ്ധരാമയ്യയുടെ മുഖം രക്ഷിച്ചത്. ഇത്തവണ ബദാമിയില്‍ നിന്ന് മത്സരിക്കാനില്ല എന്ന് സിദ്ധരാമയ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോലാര്‍ സുരക്ഷിതമായതെങ്ങനെ
ദളിത്, മുസ്ലീം, കുറുബ വോട്ടര്‍മാരുള്ള കോലാര്‍ മണ്ഡലം സുരക്ഷിതമാണ് എന്ന കണക്കുകൂട്ടലില്‍ ആണ് സിദ്ധരാമയ്യ. കോണ്‍ഗ്രസും ജെ ഡി എസുമാണ് കോലാറിലെ പ്രബല കക്ഷികള്‍. ലിംഗായത്തുകളും വൊക്കലിംഗകളും കഴിഞ്ഞാല്‍ കുറുംബ സമുദായത്തിന് ആണ് കര്‍ണാടകയില്‍ സ്വാധീനം. സിദ്ധരാമയ്യയും കുറുബ സമുദായത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലീം വോട്ടര്‍മാര്‍ക്കും മണ്ഡലത്തിലെ വിധി നിര്‍ണയിക്കാനാകും.

മുസ്ലീം വോട്ട് നിര്‍ണായകം
സിദ്ധരാമയ്യയുടെ മതേതര നിലപാടുകള്‍ അദ്ദേഹത്തെ എല്ലായ്പ്പോഴും മുസ്ലീം ജനതയ്ക്ക് പ്രിയങ്കരനാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കുകൂട്ടിയാണ് സിദ്ധരാമയ്യ കോലാര്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം സിദ്ധരാമയ്യ എവിടെ മത്സരിച്ചാലും ജയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകളോട് ബി ജെ പി പ്രതികരിച്ചത്. സിദ്ധരാമയ്യ പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം എന്നും എന്നാലേ ജയിക്കൂ എന്നും കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു.
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ

സിദ്ധരാമയ്യ ജയിക്കില്ല
സിദ്ധരാമയ്യ വരുണയില്‍ നിന്നോ കര്‍ണാടകയില്‍ എവിടെ നിന്നോ മത്സരിച്ചാലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്നും ചാമുണ്ഡേശ്വരിയില്‍ പരാജയം നേരിട്ട അദ്ദേഹം ഇപ്പോള്‍ ബദാമിയില്‍ നിന്നും പലായനം ചെയ്യുകയാണ് എന്നും അശോക് പരിഹസിച്ചു. മേയ് മാസത്തിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി, ജെ ഡി എസ്, കോണ്‍ഗ്രസ് എന്നിവരാണ് സംസ്ഥാനത്തെ പ്രബലകക്ഷികള്‍.












Click it and Unblock the Notifications