യെദിയൂരപ്പയും സിദ്ധരാമയ്യയും തമ്മില്‍ രഹസ്യ ധാരണയോ...? ആരോപണവുമായി ദേവഗൗഡ
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയും ബി ജെ പിയുടെ ബി എസ് യെദിയൂരപ്പയും തമ്മില്‍ തന്ത്രപരമായ ധാരണ നടന്നിട്ടുണ്ട് എന്ന് മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ.
കര്‍ണാടകയിലെ വരുണ മണ്ഡലത്തില്‍ യെദ്യൂരപ്പയ്ക്കും സിദ്ധരാമയ്യയ്ക്കും തിരഞ്ഞെടുപ്പ് ധാരണയുണ്ട് എന്നാണ് ദേവഗൗഡയുടെ ആരോപണം. സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തില്‍ നിന്ന് തന്റെ മകന്‍ മത്സരിക്കില്ലെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് ദേവഗൗഡ ചോദിച്ചു. എന്താണ് യെദ്യൂരപ്പയുടെ ഈ പ്രസ്താവനയ്ക്ക് പിന്നില്‍ എന്നും ദേവഗൗഡ ചോദിക്കുന്നു.

ഇത് എന്താണ് സൂചിപ്പിക്കുന്നത്? രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ഇടയില്‍ തന്ത്രപരമായ ധാരണയുണ്ട് എന്നാണ് ഇതിന് അര്‍ത്ഥം. സംസ്ഥാനത്ത് ഇത്തരമൊരു നീക്കം സംഭവിക്കുന്നത് ബി ജെ പി ഉന്നത നേതൃത്വത്തിന് എങ്ങനെ ആണ് അനുവദിക്കാന്‍ സാധിക്കുന്നത് എന്നും ദേവഗൗഡ ചോദിച്ചു. കര്‍ണാടകയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും അവകാശവാദങ്ങളെയും അദ്ദേഹം പരിഹസിച്ചു.
ദേശീയ പാര്‍ട്ടികളുടെ ഉയര്‍ന്ന അവകാശവാദങ്ങള്‍ എന്നതില്‍ ഉപരിയായി ഇത്തരം അവകാശവാദങ്ങള്‍ മുഖവിലക്കെടുക്കേണ്ട എന്നാണ് ദേവഗൗഡ പറയുന്നത്. ജെ ഡി എസിന്റെ മുന്‍ സര്‍ക്കാരുകളുടെ നയങ്ങളും പരിപാടികളും ജനങ്ങള്‍ക്ക് നഷ്ടമായെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ജെ ഡി എസിന് വ്യക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി എന്തെങ്കിലും സഖ്യത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ബി ജെ പിയുടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയും തമ്മില്‍ ധാരണയുണ്ട് എന്നിരിക്കെ ഈ വിഷയത്തില്‍ താന്‍ എന്ത് പറയാനാണ് എന്നായിരുന്നു ദേവഗൗഡയുടെ ചോദ്യം. അതേസമയം ഹാസനിലെ ടിക്കറ്റ് വിവാദത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വിഷയം താന്‍ നേരിട്ട് പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മേയ് 10 ന് ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും അധികാരം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ട്. ജെ ഡി എസിനും സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുണ്ട്.












Click it and Unblock the Notifications