Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ ഗാന്ധിയെ വീട്ടിൽക്കയറി വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി, നടപടി ഇല്ല', കേന്ദ്രത്തിനെതിരെ കെസി വേണുഗോപാൽ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി അംഗം കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ വീട്ടിൽക്കയറി വെടിവെച്ച് കൊല്ലുമെന്ന് ബിജെപി സഹയാത്രികൻ ഭീഷണിപ്പെടുത്തിയിട്ടും ഇതുവരെ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

'' രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീട്ടിൽ കയറി വെടിവെച്ചു കൊല്ലുമെന്ന് ബിജെപി സഹയാത്രികൻ പരസ്യമായി ഭീഷണിപ്പെടുത്തി 24 മണിക്കൂർ പിന്നിട്ടിട്ടും, യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ സമീപനം അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഭരണകൂടം തന്നെ സംരക്ഷണം നൽകുന്നതിന്റെ തെളിവാണിത്. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താൻ ഇത്തരം ഭീഷണികൾക്ക് കഴിയില്ല.

ഇതിനൊപ്പമാണ് കേരളത്തെ അപമാനിക്കാനും വെറുപ്പിന്റെ തലസ്ഥാനമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ട് 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ വീണ്ടും വരുന്നത്. ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നു എന്നതടക്കമുള്ള പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച്, മതസൗഹാർദ്ദത്തിന്റെ ഈ നാടിനെ ഭിന്നിപ്പിക്കാനും തെരഞ്ഞെടുപ്പ് മുൻനിർത്തി വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള ഗൂഢനീക്കങ്ങളെ നമ്മൾ തിരിച്ചറിയണം.

KC Venugopal

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഖജനാവിൽ നിന്ന് 20 കോടി രൂപ മുടക്കി നടത്തിയ സർവ്വേ, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പി.ആർ പരിപാടിയാണെന്ന ഹൈക്കോടതി പരാമർശം ഇടതുസർക്കാരിനേറ്റ കനത്ത പ്രഹരമാണ്. മദ്യവർജ്ജനം പ്രസംഗിക്കുകയും മറുവശത്ത് ബാറുകളുടെ സമയം നീട്ടി നൽകി അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ കാണുന്നുണ്ട്. ഇതിനിടയിൽ, ഡൽഹിയിൽ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ എ.ഐ സമ്മിറ്റ്, മോശം സംഘാടനം കൊണ്ടും വ്യാജ ഉൽപ്പന്നങ്ങളുടെ പേരിൽ ഉണ്ടായ ആരോപണങ്ങൾ കൊണ്ടും രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ നാണക്കേടായി മാറിയെന്നതും അതീവ ഖേദകരമാണ്''.

തനിക്കെതിരെയുളള ട്രോളുകളെ കണക്കിലെടുക്കുന്നില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. '' എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്രോളുകളെ ഞാൻ കാര്യമാക്കുന്നില്ല. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടുക എന്ന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ അതിനാകില്ല. പാലക്കാട്ടെ നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് തടയുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെയും, സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിനെതിരെയും തുടർന്നും ശബ്ദമുയർത്തും. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പവും, അടുക്കള ബജറ്റ് താളം തെറ്റിയ വീട്ടമ്മമാർക്കൊപ്പവും സമയം ചെലവഴിച്ചത് അവരുടെ ജീവിതം നേരിട്ടറിയാനാണ്. കപ്പയും കാന്താരിയും കഴിക്കുന്നത് എനിക്ക് പുത്തരിയല്ല, മറിച്ച് അത് എന്റെ നാടിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. ട്രോളുന്നവർക്ക് അത് തുടരാം, പക്ഷെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് എന്റെ കടമ.

ഗിഗ് വർക്കേഴ്സിനെ 'പാർട്ണേഴ്സ്' എന്ന് വിളിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന രീതി മാറേണ്ടതുണ്ട്. കർണാടകയിലേയും തെലങ്കാനയിലേയും കോൺഗ്രസ് സർക്കാരുകൾ ഗിഗ് തൊഴിലാളികൾക്കായി മാതൃകാപരമായ നിയമനിർമ്മാണം നടത്തുമ്പോൾ, ഇവിടെ തൊഴിൽ സമ്മർദ്ദം മൂലം യുവാക്കൾ അപകടത്തിൽപ്പെട്ട് മരിക്കുന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.

ക്ഷേമപെൻഷനുകൾ തെരഞ്ഞെടുപ്പ് കാലത്തെ ഔദാര്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമാണെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിലിടങ്ങളിലെ സുരക്ഷ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാൻ നടത്തുന്ന ഇത്തരം സൈബർ ആക്രമണങ്ങളെ അവഗണിച്ച്, ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർക്കുവേണ്ടിയുള്ള പോരാട്ടം ഞാൻ തുടരും''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+