മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്ന് പുറത്താക്കി ലാലു യാദവ്; കാരണം വൈറൽ പോസ്‌റ്റ്
പാറ്റ്‌ന: ആജെഡിയിൽ പുകഞ്ഞ വിവാദങ്ങൾക്ക് ഒടുവിൽ നടപടി. രാഷ്ട്രീയ ജനതാദൾ രക്ഷാധികാരി ലാലു പ്രസാദ് യാദവ് തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു. അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റം, കുടുംബത്തിന്റെ മൂല്യങ്ങളിൽ നിന്നും പൊതു മര്യാദയിൽ നിന്നുമുള്ള വ്യതിയാനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അനുഷ്‌ക യാദവുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് പറയുന്ന പോസ്‌റ്റ് തേജ് പ്രതാപ് ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും അടുപ്പത്തിലാണെന്നും അദ്ദേഹം പോസ്‌റ്റിൽ പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പങ്കുവച്ചു. എന്നാൽ ഇത് വലിയ രീതിയിൽ വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു.

ഇതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനായി ഫോട്ടോകൾ എഡിറ്റ് ചെയ്‌തതായും അദ്ദേഹം അവകാശപ്പെട്ടു രംഗത്ത് വന്നിരുന്നു. എന്നാൽ തേജ് പ്രതാപിന്റെ ഈ വിശദീകരണം തള്ളിക്കൊണ്ടാണ് ആർജെഡി രക്ഷധികാരി ലാലു യാദവ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
വ്യക്തിപരമായ ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള പാർട്ടിയുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ തേജ് പ്രതാപിനെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ട് മുൻ ബീഹാർ മുഖ്യമന്ത്രി പറഞ്ഞു. തേജ് പ്രതാപിന്റെ പെരുമാറ്റം കുടുംബ മൂല്യങ്ങൾക്കോ പാരമ്പര്യങ്ങൾക്കോ യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമല്ല. അതിനാൽ, മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കാരണം, ഞാൻ അവനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു' എന്നാണ് ലാലു യാദവ് അറിയിച്ചിരിക്കുന്നത്.
'സ്വന്തം ജീവിതത്തിലെ നന്മയും തിന്മയും, ഗുണദോഷങ്ങളും വേർതിരിച്ചറിയാൻ അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ സ്വന്തം വിവേചനാധികാരത്തിന് അനുസൃതമായി തീരുമാനമെടുക്കണം' എന്നും ലാലു യാദവ് ചൂണ്ടിക്കാട്ടി. ലാലുവിന്റെ ഇളയ മകനും തേജ് പ്രതയുടെ ഇളയ സഹോദരനുമായ തേജസ്വി യാദവ് ഇതിനോട് പ്രതികരിച്ചു.
'എന്നെ സംബന്ധിച്ചിടത്തോളം, ഇതിനെ ഞാൻ അംഗീകരിക്കുന്നില്ല. വ്യക്തിജീവിതം വേറിട്ടതായിരിക്കണം. അദ്ദേഹമാണ് മൂത്തയാൾ, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ ലാലു ജി ട്വീറ്റിലൂടെ തന്റെ ചിന്തകളും വ്യക്തമാക്കിയിട്ടുണ്ട്. ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്‌തു. മാധ്യമങ്ങളിലൂടെ മാത്രമാണ് ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞത്' എന്നായിരുന്നു തേജസ്വി പറഞ്ഞത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ലാലുവിന്റെ നീക്കമെന്നാണ് നിതീഷ് കുമാറിന്റെ ജെഡിയു ഉൾപ്പെടെ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ലാലു തേജ് പ്രതാപിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നും ഇവർ ആളുകളെ വഴിതെറ്റിക്കുകയാണെന്നും ജെഡിയു ആരോപിക്കുന്നു.












Click it and Unblock the Notifications