മദ്യ അഴിമതി കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. നേരത്തെ പ്രചാരണം കഴിഞ്ഞ ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ത്യ സഖ്യത്തിലെ പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കെജ്രിവാള്‍. സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെക്കാനും കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടു. റോസ് അവന്യു കോടതിയില്‍ അവധിക്കാല ജഡ്ജ് ന്യായ് ബിന്ദുവാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

ജാമ്യത്തില്‍ 48 മണിക്കൂറോളം ഒപ്പിടരുതെന്നും, അതിനുള്ളില്‍ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഡ്ജി ഇഡിയുടെ ആവശ്യം തള്ളി. വിധിയില്‍ സ്റ്റേ നല്‍കിയില്ലെന്നും, ഇന്ന് തന്നെ ജാമ്യത്തുക കോടതിയില്‍ ഹാജരാക്കാമെന്നും ഉത്തരവിടുകയായിരുന്നു.
ഇഡിക്ക് കെജ്രിവാളിനെതിരെ യാതൊരു തെളിവും നല്‍കാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ സാക്ഷികളായി മാറിയവര്‍ നല്‍കിയ മൊഴി മാത്രമാണ് ഇഡിക്ക് കെജ്രിവാളിനെതിരെയുള്ള കേസിന് പിന്നിലെന്നും അഭിഭാഷകന്‍ പറഞ്ഞു. മറ്റൊന്നും അദ്ദേഹത്തിനെതിരെ ഇഡിക്ക് പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ കുറ്റക്കാരെന്ന് പറഞ്ഞവരാണ് മൊഴി നല്‍കിയിരിക്കുന്നത്. അവര്‍ ഈ കേസില്‍ സത്യസന്ധരാണെന്ന് പറയാനാവില്ല. ഇവര്‍ അഴിമതിക്കറ പുരണ്ടവര്‍ മാത്രമല്ല, ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് ലഭിച്ചവരുമാണ്. കേസില്‍ കുറ്റവിമുക്തരാക്കാമെന്ന് ഇവര്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യാത്ത മറ്റൊരു വിഭാഗവും ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയില്‍ കെജ്രിവാളിന്റെ ഹോട്ടല്‍ ബില്‍ അടച്ചതെന്നും, ഇയാള്‍ വ്യവസായികളില്‍ നിന്നും വന്‍ തുക കൈപറ്റിയെന്നും ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു. മലയാളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തത്.
ആംആദ്മി പാര്‍ട്ടിയാണ് തെറ്റ് ചെയ്തതെങ്കില്‍ ആ പാര്‍ട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയില്‍ വാദിച്ചു. ഇഡി ഊഹാപോഹങ്ങല്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചു.
വിജയ് നായര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതിന് തെളിവില്ല. ജാമ്യം നിബന്ധനകള്‍ക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ജാമ്യം നല്‍കണമെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications