രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണം;നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം
ദില്ലി; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗൺ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായ ജില്ലകളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത്തരത്തിലുള്ള 150 ജില്ലകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

അവശ്യസർവ്വീസുകൾക്ക് ഇളവ് നൽകി ലോക്ഡൗൺ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ചെവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. അതേസമയം സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തിരുമാനം കൈക്കൊള്ളുക.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് വിലയിരുത്തൽ എന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര. ഉത്തർപ്രദേശ്, കർണാടക, കേരള, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണ്.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കിയാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും. നിലവിൽ കേരളത്തിലെ പല ജില്ലകളിലും കൊവിഡ് അതി രൂക്ഷമാണ്. 23.24 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക്.












Click it and Unblock the Notifications