'പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നു'; ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയതായി കോൺഗ്രസ്. ബിഹാറിലെ സമസ്‌തിപൂരിൽ വച്ചാണ് ഖാർഗെയുടെ ഹെലികോപ്റ്ററിൽ കമ്മീഷൻ മിന്നൽ പരിശോധന നടത്തിയത്.
ഖാർഗെ കഴിഞ്ഞ ദിവസം ബീഹാറിലെ സമസ്‌തിപൂരിലും മുസാഫർപൂരിലും തുടർച്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു. അതിനിടെയാണ് കമ്മീഷൻ പരിശോധനയുമായി എത്തിയത്. പ്രതിപക്ഷ നേതാക്കളെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നംവയ്ക്കുകയാണെന്ന് ആരോപണമാണ് ഇതോടെ കോൺഗ്രസ് കടുപ്പിക്കുന്നത്.

മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ ബീഹാറിൽ വച്ചു പരിശോധിച്ചപ്പോൾ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേതാക്കളെ സ്വതന്ത്രമായി സഞ്ചരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പരിശോധിച്ചുവെന്നും ഇപ്പോൾ പാർട്ടി അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ ബിഹാറിൽ വച്ചും പരിശോധിച്ചുവെന്ന് കോൺഗ്രസ് വക്താവ് രാജേഷ് റാത്തോർ എക്‌സിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ അവകാശപ്പെടുന്നു.
ബീഹാറിലെ ചീഫ് ഇലക്ട്രൽ ഓഫീസർ നേരിട്ട് ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും കോൺഗ്രസിന്റെ ബിഹാർ ഘടകത്തിലെ മുഖ്യ വക്താവായ റാത്തോർ പങ്കുവെച്ചു. വീഡിയോയിൽ ഹെലികോപ്റ്ററിന് സമീപം പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെട്ടവരും നിൽക്കുന്നത് കാണാമായിരുന്നു.
'കോൺഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററുകൾ പരിശോധിക്കുന്നത് പതിവാണോ? എൻഡിഎയുടെ ഉന്നത നേതാക്കളുടെ അടുത്തും സമാനമായ പരിശോധനകൾ നടത്തിയിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം" റാത്തോർ പുറത്തുവിട്ട തന്റെ വീഡിയോ സന്ദേശത്തിൽ ചോദിക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നടപടിക്ക് എതിരെ ശക്തമായ വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
നേരത്തെ വയനാട്ടിൽ പ്രചരണത്തിന് വരവെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മിന്നൽ പരിശോധന നടത്തിയത്. വയനാടിന് അടുത്തുള്ള തമിഴ്‌നാട് നീലഗിരി താളൂരിൽ വച്ചായിരുന്നു ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡ് രാഹുലിന്റെ ഹെലികോപ്റ്റർ പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും സമാന സാഹചര്യം നേരിടേണ്ടി വന്നിരിക്കുന്നത്.












Click it and Unblock the Notifications