'രാജ്യം തിരഞ്ഞെടുപ്പിന് പൂർണ സജ്ജം', 85 കഴിഞ്ഞവർക്ക് 'വോട്ട് ഫ്രം ഹോം' സൗകര്യം
ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വിജ്ഞാൻ ഭവനിൽ പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തവണ 97 കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വയോധികർക്ക് ഉൾപ്പെടെ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം കൂടുതൽ ഫലപ്രദമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. 85 വയസ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ തിരഞ്ഞെടുപ്പ് പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഇത്.

വയോധികർക്ക് പുറമെ 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കാനാണ് കമ്മീഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട അധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ രീതി നടപ്പാക്കിയിരുന്നു.
കൂടാതെ പോളിങ് സ്‌റ്റേഷനുകളിൽ വീൽചെയറുകളെയും വിന്യസിക്കും വികലാംഗർക്കും പ്രായമായവർക്കും ഗതാഗത സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ പിഡബ്ല്യുഡികൾക്കായി സക്ഷം ആപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
അതേസമയം, രാജ്യത്തെ ആകെ പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയാണ്. ആകെ സ്ത്രീവോട്ടര്‍മാര്‍- 47.1 കോടിയും, കന്നിവോട്ടര്‍മാര്‍ 1.8 കോടിയുമുണ്ട്. 85 ലക്ഷം വനിതാ കന്നി വോട്ടര്‍മാരുണ്ട് ഇത്തവണ എന്ന പ്രത്യേകതയുമുണ്ട്.
10.5 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും ചുമതലയിലുണ്ടാവും. 55 ലക്ഷം വോട്ടിങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തിരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുന്നുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തുന്നതിനിടെ കുറിച്ചും കമ്മീഷൻ സംസാരിച്ചിരുന്നു. കൂടാതെ 2022-23 വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 11 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത് 3400 കോടി രൂപയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്തെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കണം. മസില്‍ പവര്‍, മണി പവര്‍, തെറ്റായ പ്രചാരണങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ ഒരിക്കലും അനുവദിക്കില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19ന് തുടങ്ങുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ ഒന്നിന് മാത്രമാണ് അവസാനിക്കുക. ജൂണ്‍ 4ന് വോട്ടെണ്ണലും നടക്കുമെന്നാണ് കമ്മീഷൻ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications