'ശ്രീരാമന്റെ ഭരണം ഭരണഘടനാ നിർമ്മാതാക്കൾക്ക് പ്രചോദനമായി'; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് കോടിക്കണക്കിന് ആളുകളെ ഒരുമിച്ച് കൊണ്ടുവന്നതായും രാജ്യത്തിന്റെ കൂട്ടായ ശക്തി ഈ പരിപാടിയുടെ സമയത്ത് ദൃശ്യമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ തന്റെ ആദ്യ മൻ കി ബാത്തിൽ, ശ്രീരാമന്റെ ഭരണം ഭരണഘടനാ നിർമ്മാതാക്കൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണെന്നും മോദി പറഞ്ഞു.
ഭരണഘടനയുടെ യഥാര്‍ത്ഥ കോപ്പിയില്‍ രാമന്റെയും സീതയുടേയും ലക്ഷമണന്റെയും ചിത്രമുണ്ടെന്നും മോദി പറഞ്ഞു. രാമന്‍ ഭരണഘടന നിര്‍മാതാക്കള്‍ക്ക് പ്രചോദനമായിട്ടുള്ളതുകൊണ്ടാണ് ജനുവരി 22ന് അയോധ്യയില്‍ താന്‍ രാമരാജ്യത്തെ പറ്റി സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ഒരുമിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവരുടെയും വികാരം ഒരുപോലെയാണ്, എല്ലാവരുടെയും ഭക്തിയും ഒരുപോലെയാണ്, എല്ലാവരുടെയും വാക്കുകളിൽ രാമനുണ്ട്, എല്ലാവരുടെയും ഹൃദയത്തിലും രാമനുണ്ട്" പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ പറഞ്ഞു.
ഈ സമയത്ത് നിരവധി ആളുകൾ രാമഭജനങ്ങൾ ആലപിക്കുകയും അവ ശ്രീരാമന് സമർപ്പിക്കുകയും ചെയ്‌തുവെന്നും, ജനുവരി 22ന് വൈകുന്നേരം രാജ്യം മുഴുവൻ 'രാം ജ്യോതി' കത്തിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
"ഈ സമയത്ത്, രാജ്യത്തിന്റെ കൂട്ടായ ശക്തി ദൃശ്യമായിരുന്നു, ഇത് വികസിത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ പ്രതിജ്ഞയുടെ അടിസ്ഥാനം കൂടിയാണ്" അദ്ദേഹം പറഞ്ഞു. അടുത്തിടെ പദ്‌മ പുരസ്‌കാരങ്ങൾ ലഭിച്ച പലരും വലിയ മാറ്റങ്ങളുണ്ടാക്കാൻ താഴെത്തട്ടിൽ പ്രവർത്തിച്ചവരാണെന്നും ജനശ്രദ്ധയിൽ നിന്ന് അകന്ന് പ്രവർത്തിച്ചവരാണെന്നും മോദി തന്റെ പ്രക്ഷേപണ പരിപാടിയിൽ വ്യക്തമാക്കി.
"ആളുകൾക്ക് ഇപ്പോൾ സ്വയം നാമനിർദ്ദേശം ചെയ്യാനുള്ള അവസരമുണ്ട്. 2014നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചതിന്റെ കാരണം ഇതാണ്. പദ്‌മ പുരസ്‌കാരത്തിന്റെ അന്തസും അതിനോടുള്ള വിശ്വാസ്യതയും ബഹുമാനവും ഓരോ വർഷവും ഉയരുന്നുവെന്നാണ് ഇത് കാണിക്കുന്നത്" മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications